തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. നാളെ ഈ ഹർജി കോടതി പരിഗണിച്ചേക്കും.
പ്രധാന വാദങ്ങൾ…
ഉഭയസമ്മതപ്രകാരമുള്ള ബന്ധം: യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്ന് രാഹുൽ ഹർജിയിൽ പറയുന്നു.
ഗർഭധാരണ വാദം തെറ്റ്…
യുവതി ഗർഭിണിയായി എന്ന ആരോപണം ശരിയല്ല. യുവതി ഭർത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ്. ഗർഭധാരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിന് തന്നെയാണ്.
ഗർഭഛിദ്രം സ്വന്തം തീരുമാനം…
ഗർഭഛിദ്രത്തിന് മരുന്ന് യുവതി കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്.
രാഷ്ട്രീയ ഗൂഢാലോചന…
പരാതിക്ക് പിന്നിൽ സിപിഎമ്മിൻ്റെയും ബിജെപിയുടെയും രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
റെക്കോർഡിംഗ്…
ബന്ധത്തിലെ ഓരോ നിമിഷവും പരാതിക്കാരി റെക്കോർഡ് ചെയ്തതും സന്ദേശങ്ങൾ ശേഖരിച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ്.
സർക്കാരിനെ രക്ഷിക്കാൻ…
ശബരിമല വിവാദം കത്തിനിൽക്കുന്ന സമയത്താണ് യുവതി പരാതി നൽകിയത്. ഇത് സർക്കാരിനെ വിവാദത്തിൽ നിന്ന് രക്ഷിക്കാനാണ്.
പരാതിക്കാരി ഫേസ്ബുക്കിലൂടെയാണ് താനുമായി ആദ്യം ബന്ധപ്പെട്ടതെന്നും, ഗാർഹിക പീഡനത്തിന് ഇരയാവുകയായിരുന്നുവെന്ന് പറഞ്ഞപ്പോൾ സഹതാപം തോന്നിയാണ് ബന്ധം തുടങ്ങിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ വിശദീകരിക്കുന്നു.
യുവതി ഇന്നലെ സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് രാഹുലിനെതിരെ പരാതി നൽകിയത്. അതിനു പിന്നാലെ നിയമപരമായി പോരാടുമെന്ന് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു




















































