തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്.
‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’
“പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന തലക്കെട്ടോടെയാണ് വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് കോൺഗ്രസ് മുഖപത്രത്തിന്റെ വാദം.
സിപിഐഎമ്മിനെതിരെ ആക്ഷേപം
കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന സിപിഐഎം കോൺഗ്രസിന്റെ വസ്ത്രത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ട് മൂക്കുപൊത്തുന്നത് പോലെ രാഹുലിനെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുകയാണെന്ന് വീക്ഷണം വിമർശിച്ചു.
മുൻ കേസുകൾ ഉദാഹരണം
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎം എതിരാളികൾക്കെതിരെ കൊണ്ടുവരുന്നതാണ് വ്യാജ ലൈംഗിക ആരോപണങ്ങളെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
1996-ലെ സൂര്യനെല്ലി പീഡനക്കേസ് കോൺഗ്രസ് നേതാവിനെ ലക്ഷ്യംവെച്ചുള്ള സിപിഐഎം ഗൂഢാലോചനയായിരുന്നുവെന്നും 2006, 2011 ലെ ഐസ്ക്രീം പാർലർ കേസിൽ മുസ്ലിം ലീഗ് നേതാവിനെ അപവാദത്തിന്റെ ചുഴിയിലേക്ക് തള്ളിവിട്ട് തിരസ്കൃതനാക്കാൻ സിപിഐഎം ശ്രമിച്ചെന്നും വീക്ഷണം ആരോപിച്ചു.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രിയെ കുറ്റാരോപിതനാക്കാൻ സിപിഐഎമ്മും ഒരു വിഭാഗം മാധ്യമങ്ങളും നുണക്കഥകൾ മെനഞ്ഞ് വേട്ടയാടിയെന്നും ആ കേസിലെ പരാതിക്കാരി കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ തടവ് അനുഭവിക്കുമ്പോൾ കുഞ്ഞിന് ജന്മം നൽകിയ വിശ്വാസ്യതയില്ലാത്ത വ്യക്തിയായിരുന്നുവെന്നും മുഖപ്രസംഗത്തിൽ വാദിച്ചു.
ഗൂഢാലോചന പരമ്പരയിലെ കണ്ണി
“ആ ഗൂഢാലോചനാ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം” എന്ന് വീക്ഷണം പറയുന്നു.
“ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നുവരുന്നത് സിപിഐഎം ഭീതിയോടെ കാണുന്നു. രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള ചെറുപ്പക്കാർ വളർന്നുവന്നാൽ അത് സിപിഐഎമ്മിനെ തകർച്ചയിലേക്ക് എടുത്തെറിയുമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്” എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേസിന്റെ പശ്ചാത്തലം
നവംബർ 27-നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടായിരുന്നു പരാതി കൈമാറിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറ്റം ചെയ്തിട്ടില്ലെന്നുള്ള ബോധ്യമുള്ളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും ബോധ്യപ്പെടുത്തുമെന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ട് രാഹുൽ ഒളിവിൽ പോവുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
അറസ്റ്റിന് നീക്കം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മുൻകൂർ ജാമ്യാപേക്ഷ തടസ്സമാകില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. നിരീക്ഷണം ശക്തമാക്കാൻ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തടസ്സമാകുമെന്നതിനാൽ കേരളത്തിന് പുറത്തേക്ക് രാഹുൽ മാങ്കൂട്ടത്തിൽ പോകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതാക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിൽ തന്നെയുണ്ടെന്നാണ് വിവരം.




















































