Kochi | December 01, 2025
ഷൂട്ടിങ് പൂർത്തിയാകുന്നതിന് മുമ്പ് തന്നെ 350 കോടി രൂപയുടെ ബിസിനസ് നേട്ടവുമായി മോഹൻലാൽ ചിത്രം ‘ദൃശ്യം 3’. നിർമാതാവ് എം രഞ്ജിത്താണ് ഈ അപ്ഡേറ്റ് പങ്കുവച്ചത്.
മനോരമ ഹോർട്ടസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദി പവർ ബിഹൈൻഡ് ദി റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലാണ് എം രഞ്ജിത്ത് ദൃശ്യം 3-ന്റെ നേട്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇന്ത്യയിൽ ആദ്യമായി പ്രാദേശിക ഭാഷാ ചിത്രത്തിന് ഇത്തരം നേട്ടം
“ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണ് മലയാള സിനിമ എത്തിയിരിക്കുന്നത്” എന്ന് എം രഞ്ജിത്ത് പറഞ്ഞു.
മികവുള്ള സിനിമകൾ കൂടുന്നുണ്ടെന്നും ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണെന്നും നിർമാതാവ് കൂട്ടിച്ചേർത്തു. ‘തുടരും’ സിനിമ ഇറങ്ങിയതിന് ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണെന്നും സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നത് സർക്കാരിനാണെന്നും എം രഞ്ജിത്ത് വ്യക്തമാക്കി.

പനോരമ സ്റ്റുഡിയോസ് അവകാശങ്ങൾ സ്വന്തമാക്കി
ദൃശ്യം 3-യുടെ ലോകമെമ്പാടുമുള്ള മുഴുവൻ തിയേറ്റർ അവകാശങ്ങളും ഡിജിറ്റൽ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
ഷൂട്ടിങ് പുരോഗമിക്കുന്നു
ദൃശ്യം 3-യുടെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജോർജ്ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെയാണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
ത്രില്ലർ സിനിമകൾക്ക് പുതിയ ബെഞ്ച്മാർക്ക്
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ-ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്ജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമയ്ക്ക് ഉണ്ടായി.
ഇന്ത്യയും കടന്ന് ചൈനീസ്, കൊറിയൻ എന്നിവ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു ദൃശ്യം.




















































