ന്യൂസ് ഡെസ്ക് | Thursday, 4th December 2025.
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ, രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ജാമ്യം നിഷേധിച്ചതും, പാർട്ടി പുറത്താക്കിയതും രാഹുലിന് വലിയ തിരിച്ചടിയായി. ഇതോടെ ഒളിവിലുള്ള രാഹുലിന്റെ അറസ്റ്റിനായുള്ള പോലീസ് തിരച്ചിൽ ശക്തമാവുകയാണ്.
ജാമ്യം നിഷേധിച്ചത് വിശദമായ വാദത്തിനൊടുവിൽ
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ഇന്നലെ ഒന്നേമുക്കാൽ മണിക്കൂറും ഇന്ന് 25 മിനിറ്റും നീണ്ട വാദങ്ങൾക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ സമർപ്പിച്ച നിർണായക ഡിജിറ്റൽ തെളിവുകൾ വിധിയിൽ പ്രധാന പങ്ക് വഹിച്ചു.
കോൺഗ്രസ് നടപടി: പുറത്താക്കൽ
പരാതിയും തുടർന്നുണ്ടായ വിവാദങ്ങളും ദേശീയ തലത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ നീക്കം ചെയ്തതെന്നാണ് വിവരം. വിഷയം ദേശീയ തലത്തിൽ ബി.ജെ.പി. ആയുധമാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് എത്രയും പെട്ടെന്ന് നടപടി എടുക്കാൻ ഹൈക്കമാൻഡ് കേരള ഘടകത്തിന് നിർദേശം നൽകിയിരുന്നു
അറസ്റ്റ് ഉടൻ?
മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ, രാഹുലിനെ പിടികൂടാൻ പോലീസ് വയനാട്-കർണാടക അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ കൽപ്പറ്റ കോടതിയിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്




















































