തിരുവനന്തപുരം I ഡിസംബർ 9, 2025
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം ജില്ലയിൽ വോട്ടിങ് യന്ത്രത്തിനെതിരെ ഗുരുതരമായ പരാതി. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായി എൽ.ഡി.എഫ് പ്രവർത്തകർ പരാതിപ്പെട്ടു. തിരുവനന്തപുരം പൂവ്വച്ചാൽ ഗ്രാമപഞ്ചായത്തിലെ മുതിയാവിള വാർഡിലെ സെന്റ് ആൽബെർട്ട് എൽ.പി. സ്കൂളിലെ ബൂത്തിലാണ് സംഭവം.
വോട്ടിങ് നിർത്തിവെക്കാൻ ആവശ്യം
ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമ്പോഴാണ് വോട്ടിങ് യന്ത്രത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുകയും ഒപ്പം ബീപ് ശബ്ദം കേൾക്കുകയും ചെയ്തത്. ഇതോടെ എൽ.ഡി.എഫ് പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും പോളിംഗ് ഉടൻ നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റ് സി. സുരേഷ് പ്രൊസിഡിങ് ഓഫീസർക്ക് രേഖാമൂലം പരാതി നൽകി. നിലവിൽ എത്ര വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, യന്ത്രത്തിലെ തകരാർ പരിഹരിക്കാൻ എന്ത് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു എന്നും ഉടൻ വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിങ് താൽക്കാലികമായി നിർത്തിവെച്ച് യന്ത്രം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
LDF alleges malfunction in voting machine: Light on BJP symbol glows when voting for LDF candidate; complaint filed in Thiruvananthapuram.




















































