തിരുവനന്തപുരം I ഡിസംബർ 13, 2025
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ ഇടതുമുന്നണിയുടെ പ്രകടനത്തിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കൗൺസിൽ അംഗവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഗായത്രി ബാബു രംഗത്ത്. മേയർക്ക് ‘പാർട്ടിയേക്കാൾ വലുതാണെന്ന ഭാവമുണ്ടായിരുന്നു’ എന്നും, കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ആര്യ രാജേന്ദ്രൻ എൽ.ഡി.എഫിന്റെ ജനകീയത ഇല്ലാതാക്കിയെന്നും ഗായത്രി ബാബു ആരോപിച്ചു.
വിമർശനമുന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്യപ്പെട്ടു.
പ്രധാന വിമർശനങ്ങൾ
മേയർക്കെതിരെ ഗായത്രി ബാബു ഉന്നയിച്ച പ്രധാന വിമർശനങ്ങൾ ഇവയാണ്:
അധികാര ഭാവം: “പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം.”
പുച്ഛം: “അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം.”
അതിവിനയം: “അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം.”
കരിയർ ബിൽഡിംഗ്: “കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം.”
തിരിച്ചടിക്ക് കാരണം ജനകീയതയില്ലായ്മ
തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ ഒഴികെ മറ്റു നഗരസഭകളിലും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫിന് ലീഡുണ്ടെന്നും, ഇതിനർത്ഥം പാർട്ടിക്ക് മികച്ച സംഘടനാ ശേഷിയുണ്ടെന്നുമാണെന്നും ഗായത്രി ബാബു ചൂണ്ടിക്കാട്ടി. എന്നിട്ടും കോർപ്പറേഷനിൽ തിരിച്ചടി നേരിട്ടത് ജനങ്ങളോട് ഇഴുകിച്ചേർന്ന് പ്രവർത്തിക്കാനുള്ള ജൈവ നാഡീ ബന്ധം നഷ്ടപ്പെട്ടതുകൊണ്ടാണെന്നും അവർ ആരോപിച്ചു.
നേരത്തെ ഉണ്ടായിരുന്ന മേയർമാർക്കും ടീമിനും കഴിഞ്ഞിരുന്ന ഈ ജനകീയതയാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇല്ലാതായത്. അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചതും, പുറത്ത് വരുന്നവരെ കാണാൻ കൂട്ടാക്കാതിരുന്നതും, കൗൺസിലിനുള്ളിൽ ഒരു നല്ല ടീമിനെ ഉണ്ടാക്കിയെടുക്കാതിരുന്നതുമാണ് തിരിച്ചടി ഇത്ര കനത്തതാകാൻ കാരണമെന്നും ഗായത്രി ബാബു പറയുന്നു.
എന്തായാലും ജനകീയ പ്രവർത്തനത്തിലൂടെ വരും കാലം കോർപ്പറേഷൻ ഭരണം പാർട്ടി തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും ഗായത്രി ബാബു പ്രത്യാശ പ്രകടിപ്പിച്ചു.
‘Sense of being bigger than the party, contempt for subordinates’: Council member Gayathri Babu slams Mayor Arya Rajendran; post deleted after controversy.




















































