സന I ഡിസംബർ 18, 2025
നിമിഷപ്രിയ കേസിൽ ഇറാന്റെ ഇടപെടലിനെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട തലാൽ അബ്‌ദു മഹ്ദിയുടെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി. കേസിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവരുടെ നിലപാട്?’ എന്ന് ഫത്താഹ് മഹ്ദി സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു.
മധ്യസ്ഥതയ്ക്ക് വഴങ്ങില്ല
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നതിൽ കാലതാമസം വരുന്നത് കുടുംബത്തിന്റെ അവകാശങ്ങൾ തടയുന്നതിന് തുല്യമാണെന്ന് മഹ്ദി ആരോപിച്ചു. അതിവേഗത്തിലുള്ള നീതിയാണ് തങ്ങൾ ആഗ്രഹിക്കുന്നത്. യാതൊരുവിധ മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും ശിക്ഷ നടപ്പാക്കണമെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നീതി ഉറപ്പാക്കാൻ അന്താരാഷ്ട്ര ഇടപെടലുകൾ തടസ്സമാകരുതെന്നാണ് കുടുംബത്തിന്റെ വാദം.
കേസിന്റെ പശ്ചാത്തലം
2017 ജൂലൈ 25-നാണ് യമനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയ, യമൻ പൗരനായ തലാൽ അബ്‌ദുമഹദിയെ കൊലപ്പെടുത്തിയത്. സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തലാൽ തന്നെ തടങ്കലിലാക്കിയെന്നും പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് നിമിഷപ്രിയയുടെ വാദം. ഈ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു.
കേസിൽ യമൻ കോടതി നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. നിലവിൽ സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാൻ സന്നദ്ധ സംഘടനകളുടെയും കേന്ദ്ര സർക്കാരിന്റെയും നേതൃത്വത്തിൽ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് തലാലിന്റെ കുടുംബം വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
Highlight
Abdul Fattah Mahdi, brother of the victim in the Nimisha Priya case, opposes Iran’s mediation efforts and demands immediate execution of the death penalty, questioning what Iran’s stance would be if the crime happened on its soil.




















































