മാവേലിക്കര I ഡിസംബർ 18, 2025
മാവേലിക്കര: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരമുണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട തടി ലോറി അപകടത്തിൽപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയിൽ കൊച്ചാലുംമൂട് ജങ്ഷന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. പത്തനാപുരത്തുനിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ പത്തനാപുരം സ്വദേശി ഷിഹാബിന് പെട്ടെന്ന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ വൈദ്യുതി തൂണും സമീപത്തെ വീടിന്റെ മതിലും തകർത്താണ് നിന്നത്. അപകടസമയത്ത് ദേശീയപാതയിൽ മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
പരിക്കേറ്റ ഡ്രൈവർ ഷിഹാബിനെ ഉടൻതന്നെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ക്ലീനർ അനീഷ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മാവേലിക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Content Highlight: A truck carrying timber met with an accident in Mavelikkara after the driver suffered an epileptic seizure while driving.




















































