കോഴിക്കോട് I ഡിസംബർ 25, 2025
സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ നടപടിയോട് പ്രതികരിച്ച് സിവിൽ പോലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന്. പിരിച്ചുവിട്ട ഉത്തരവ് കൈപ്പറ്റിയെന്നും ഇനി അപ്പീൽ നടപടികൾ കഴിയുന്നത് വരെ താൻ സ്വതന്ത്രനായ ഒരു സാധാരണ പൗരനാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഉത്തരവ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മര്യാദയില്ലാത്ത പെരുമാറ്റമെന്ന് വിമർശനം
പത്തനംതിട്ട എസ്പിയുടെ ദൂതൻ ഒരു അറിയിപ്പും നൽകാതെ, കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാഹനം ദൂരെ നിർത്തി വീട്ടിൽ പതുങ്ങിയെത്തിയാണ് ഉത്തരവ് നൽകിയതെന്ന് ഉമേഷ് പറയുന്നു. താൻ വീട്ടിലില്ലാത്ത സമയത്ത് അകത്ത് കയറി കാത്തിരുന്ന ഉദ്യോഗസ്ഥർ വീട്ടിലുണ്ടായിരുന്ന സ്ത്രീകളോട് മിനിമം മര്യാദ കാണിച്ചില്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. 22 വർഷത്തെ സർവീസ് ജീവിതം അവസാനിക്കുമ്പോൾ, ഇനി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ജനുവരി മുതൽ മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്യാപ്‌സ്യൂളുകളെ അവഗണിക്കുന്നു
പിരിച്ചുവിടൽ ഉത്തരവ് വന്നതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ഉയരുന്ന ‘വർഗീയ ചാപ്പകുത്തലുകളെ’ ഉമേഷ് പുച്ഛിച്ചുതള്ളി. ഇത്തരക്കാർ ചെയ്യുന്നതെന്തെന്ന് അവർക്ക് തന്നെ അറിയില്ല. രാഷ്ട്രീയത്തിനതീതമായി വലിയൊരു വിഭാഗം ഈ നടപടിയുടെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ട്. കുട്ടിക്കാലം മുതൽ എഴുത്തുകാരനാകണമെന്നായിരുന്നു ആഗ്രഹം. ആ സ്വപ്നത്തിലേക്ക് ജീവിതം ഈ ക്രിസ്മസ് ദിനത്തിൽ തന്നെ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
അവസാന നിമിഷം വരെ നീതിക്കായി പൊരുതുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട എസ്പിയാണ് അച്ചടക്കലംഘനം ആരോപിച്ച് ഉമേഷിനെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
Content Highlight
Senior Civil Police Officer Umesh Vallikkunnu reacts to his dismissal from the Kerala Police force. He criticizes the way the order was delivered and addresses cyber attacks against him.




















































