ന്യൂഡൽഹി I ഡിസംബർ 25, 2025
ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഇതിഹാസങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും സെഞ്ച്വറി തുടക്കം. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരങ്ങളിൽ തന്നെ ഇരുവരും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 2027 ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിൽ ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരമാണ് മുതിർന്ന താരങ്ങൾ ആഭ്യന്തര ടൂർണമെന്റിനിറങ്ങിയത്.
ആന്ധ്രയെ തകർത്ത് കോഹ്‌ലി…
ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയാണ് വിരാട് കോഹ്‌ലി ക്രീസിലെത്തിയത്. 101 പന്തിൽ നിന്ന് 131 റൺസെടുത്ത കോഹ്‌ലിയുടെ ഇന്നിങ്‌സിൽ 14 ഫോറുകളും 3 സിക്സറുകളും ഉൾപ്പെട്ടു. കോഹ്‌ലിയുടെ മികവിൽ ഡൽഹി നാല് വിക്കറ്റിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി. തന്റെ ക്ലാസ്സ് ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കോഹ്‌ലിയുടെ ഓരോ ഷോട്ടുകളും.
സിക്കിമിനെ ‘അടിച്ചുപറത്തി’ രോഹിത്…
മുംബൈയ്ക്ക് വേണ്ടി സിക്കിമിനെതിരെ ഇറങ്ങിയ രോഹിത് ശർമ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. വെറും 61 പന്തിൽ സെഞ്ച്വറി തികച്ച രോഹിത്, ആകെ 94 പന്തിൽ നിന്ന് 155 റൺസ് വാരിക്കൂട്ടി. 18 ഫോറുകളും 9 സിക്സറുകളും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. രോഹിത്തിന്റെ അക്രമണോത്സുകമായ ബാറ്റിങ് ശൈലിക്ക് മുന്നിൽ സിക്കിം ബൗളർമാർ നിഷ്പ്രഭരായി.
ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെയും ബി.സി.സി.ഐയുടെയും കർശന നിലപാടിനെത്തുടർന്നാണ് മുതിർന്ന താരങ്ങൾ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ തീരുമാനിച്ചത്. വരാനിരിക്കുന്ന പ്രധാന പരമ്പരകൾക്കും ഏകദിന ലോകകപ്പിനും മുന്നോടിയായി താരങ്ങളുടെ ഫോമും ഫിറ്റ്നസ്സും ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlight
Indian legends Rohit Sharma and Virat Kohli started their Vijay Hazare Trophy campaign with brilliant centuries. Kohli scored 131 for Delhi, while Rohit smashed 155 for Mumbai.




















































