അഹമ്മദാബാദ് I ഡിസംബർ 25, 2025
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ അവിശ്വസനീയമായ ഫീൽഡിങ് പ്രകടനവുമായി മലയാളി താരം വിഘ്‌നേഷ് പുത്തൂർ. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്നിങ്‌സിൽ ആറ് ക്യാച്ചുകൾ (വിക്കറ്റ് കീപ്പർ അല്ലാതെ) നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് ഈ 24-കാരൻ സ്വന്തമാക്കിയത്. ഇതോടെ ഒരു ഇന്നിങ്‌സിൽ അഞ്ച് ക്യാച്ചുകൾ എന്ന മുൻ റെക്കോർഡ് വിഘ്‌നേഷ് പഴങ്കഥയാക്കി.
ഉദിയൻ ബോസ്, ശ്രീദം പോൾ, മുൻ ആർസിബി താരം സ്വപ്നിൽ സിങ്, സൗരഭ് ദാസ്, അഭിജിത് കെ. സർക്കാർ, വിക്കി സാഹ എന്നിവരെയാണ് വിഘ്‌നേഷ് ക്യാച്ചിലൂടെ പുറത്താക്കിയത്. ഇതിൽ സ്വന്തം ബൗളിങ്ങിൽ തന്നെ ഉദിയൻ ബോസിനെ പിടികൂടിയ വിഘ്‌നേഷ്, ബാക്കി അഞ്ച് ക്യാച്ചുകളും സഹതാരങ്ങളുടെ പന്തിലാണ് നേടിയത്. ഇന്നിങ്‌സിലെ അവസാന മൂന്ന് വിക്കറ്റുകളും ബാബ അപരാജിതിന്റെ ബൗളിങ്ങിൽ വിഘ്‌നേഷിന്റെ കൈകളിലാണ് അവസാനിച്ചത്.
ഐപിഎല്ലിലും തിളക്കം
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിരുന്ന വിഘ്‌നേഷിനെ, അടുത്തിടെ നടന്ന ഐപിഎൽ 2026 ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. നിലവിൽ കേരളത്തിനായി മികച്ച പ്രകടനമാണ് ഈ ഇടങ്കയ്യൻ സ്പിന്നർ കാഴ്ചവെക്കുന്നത്.
കേരളത്തിന് കൂറ്റൻ വിജയം
വിഘ്‌നേഷിന്റെ റെക്കോർഡ് പ്രകടനത്തിന് പുറമെ ബാറ്റിങ്ങിലും ബൗളിങ്ങിലും കേരളം തകർപ്പൻ പ്രകടനമാണ് നടത്തിയത്. 145 റൺസിനാണ് കേരളം ത്രിപുരയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്റെ സെഞ്ച്വറി (62 പന്തിൽ 102*) കരുത്തിൽ 8 വിക്കറ്റിന് 348 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയെ 203 റൺസിന് കേരളം ചുരുട്ടിക്കെട്ടി. 5 വിക്കറ്റ് വീഴ്ത്തിയ ബാബ അപരാജിതും ബൗളിങ്ങിൽ തിളങ്ങി.
Content Highlight
Kerala spinner Vignesh Puthur created a world record in List A cricket by taking six catches in a single innings against Tripura in the Vijay Hazare Trophy. He surpassed the previous record of five catches shared by 21 players.




















































