കേപ്ടൗൺ | 29, ഡിസംബർ | 2025
ആരാധകരെ ത്രസിപ്പിച്ച് ക്രിക്കറ്റ് ഗാലറികളിലേക്ക് പറന്നിറങ്ങുന്ന ക്യാച്ചുകൾ കണ്ടിട്ടില്ലേ? ചിലപ്പോഴൊക്കെ കാണികളിൽ ചിലർ അത് കൈപ്പിടിയിലാക്കാറുമുണ്ട്. അങ്ങനെ ക്യാച്ചെടുക്കുന്നവർക്ക് കൈനിറയെ പണം കിട്ടിയാലോ? ഒന്നും രണ്ടും ലക്ഷമൊന്നുമല്ല. ഒരു കോടി രൂപ!
വൈറൽ ക്യാച്ച്
സൗത്ത് ആഫ്രിക്കൻ ടി20 ലീഗിൽ ഇന്നലെ നടന്ന ഡർബൻ സൂപ്പർ ജയന്റ്‌സ് – എം.ഐ കേപ്ടൗൺ മത്സരത്തിലെ ഒരു ക്യാച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഡർബൻ സൂപ്പർ ജയന്റ്‌സ് 233 റൺസിന്റെ വിജയലക്ഷ്യമാണ് കേപ്ടൗണിന് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ താരം റിയാൻ റിക്കിൾട്ടൺ എരിഞ്ഞു കത്തി.
13ാം ഓവർ എറിഞ്ഞ മഫാക്കയുടെ നാലാം പന്തിനെ റിക്കിൽട്ടൺ ഗാലറിയിലേക്ക് പറത്തി. ആ പന്താണ് ഗാലറിയിലിരുന്ന ഒരു ആരാധകൻ ഒറ്റക്കൈ കൊണ്ട് പിടിച്ചത്. ക്യാച്ചിന് ശേഷം കൂടെയുണ്ടായിരുന്നവരൊക്കെ ആരാധകനെ ആലിംഗനം ചെയ്യുന്നതും അഭിനന്ദിക്കുന്നതും കാണാമായിരുന്നു. കാരണം അയാൾക്ക് ഇനി ലഭിക്കാൻ പോകുന്നത് ഒരു കോടി രൂപയാണ്.
ഫാൻ ക്യാച്ച് പ്രൊമോഷൻ
ഫാൻ ക്യാച്ച് പ്രൊമോഷന്റെ ഭാഗമായി എസ്.എ ടി20 യിൽ നടപ്പിലാക്കിയ പുതിയ കോണ്ടസ്റ്റ് ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഗാലറിയിൽ വച്ച് ഒറ്റക്കയ്യിൽ ക്യാച്ചെടുക്കുന്നവരെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. ഈ സമ്മാന പദ്ധതി കാണികളുടെ ആവേശം വർദ്ധിപ്പിക്കുകയും മത്സരങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു.
റിക്കിൾട്ടന്റെ സെഞ്ച്വറി വെറുതെ
മത്സരത്തിൽ റിയാൻ റിക്കിൽട്ടൺ സെഞ്ച്വറി കുറിച്ചെങ്കിലും കേപ്ടൗണിനെ വിജയതീരമണയിക്കാനായില്ല. 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസിന് കേപ്ടൗണിന്റെ പോരാട്ടം അവസാനിച്ചു. 15 റൺസിനാണ് ഡർബൻ സൂപ്പർ ജയന്റ്‌സ് ജയം കുറിച്ചത്.
ഗാലറിയിൽ നിന്നുള്ള ഒറ്റക്കൈ ക്യാച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധകന്റെ ഭാഗ്യവും പെട്ടെന്നുള്ള പ്രതികരണശേഷിയും പ്രശംസ നേടുന്നു. ഒരു കോടി രൂപയുടെ സമ്മാനം ലഭിക്കുന്ന ആരാധകന്റെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല.
Content Highlights: Fan catches one-handed catch in gallery wins Rs 1 crore, South African T20 League Durban vs Cape Town match, Rian Rickelton’s century six caught by fan, Fan Catch Promotion contest, viral catch on social media, Durban Super Giants win by 15 runs




















































