തിരുവനന്തപുരം | 01, ജനുവരി | 2026
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് അദ്ദേഹം സ്വീകരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സിപിഐയ്ക്ക് നേരെയുള്ള വെള്ളാപ്പള്ളിയുടെ നിലപാടിനോടും പാർട്ടിക്ക് യോജിപ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
‘ചതിയൻ ചന്തു’ എന്നാണ് സിപിഐയെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. അങ്ങനെ ഒരു നിലപാട് സിപിഎമ്മിനുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങൾക്ക് അങ്ങനെ ഒരു നിലപാട് ഇല്ല. സിപിഐയുമായി ഏറ്റവും നല്ല ഐക്യത്തിലാണ്. അത് തുടർന്ന് മുമ്പോട്ട് കൊണ്ടുപോകും. ഇത്തരത്തിൽ പറഞ്ഞതിന് ഉത്തരവാദി ഞങ്ങളല്ല, അതിനുള്ള ഉത്തരം വെള്ളാപ്പള്ളിയാണ് പറയേണ്ടത്,” എം വി ഗോവിന്ദൻ മറുപടി നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ഭരണപരമായ കാര്യങ്ങളാണ്. അതിന്റെ സാങ്കേതികത്വം സർക്കാരിന് മാത്രമേ പറയാൻ പറ്റൂ എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഐ ‘ചതിയൻ ചന്തു’വാണെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞത്. പത്തുവർഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്ന് പറഞ്ഞ വെള്ളാപ്പള്ളി, വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിലാണ് അല്ലാതെ പുറത്തുനിന്നിട്ടല്ല എന്നും സിപിഐയെ പഴിപറഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി ആവർത്തിച്ചു. മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല, താൻ പിന്നോക്കക്കാരനായതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ ‘ചതിയൻ ചന്തു’ പ്രയോഗത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളി നടേശനെ ഏൽപ്പിച്ചിട്ടില്ലെന്നും ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി അല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
“ജനങ്ങൾക്ക് എല്ലാവരെയും അറിയാം. ഈ പറഞ്ഞ ആളെയും അറിയാം, സിപിഐയെയും അറിയാം. ‘ചതിയൻ ചന്തു’ എന്ന പേര് ആയിരം വട്ടം ചേരും ആ തലയ്ക്ക്. വെള്ളാപ്പള്ളി അല്ല എൽഡിഎഫ്,” ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
സിപിഐയും സിപിഎമ്മും തമ്മിലുള്ള ഐക്യം ശക്തമാണെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ആ ബന്ധത്തെ ബാധിക്കില്ലെന്നും ഇടതുപക്ഷ നേതാക്കൾ വ്യക്തമാക്കി.
Content Highlights
CPM has no ‘Chathiyan Chanthu’ stance towards CPI says MV Govindan
CPM not responsible for Vellappally’s statements against CPI
Binoy Viswam strongly criticizes Vellappally Natesan
LDF unity remains strong despite Vellappally’s remarks
CPI-CPM maintain best coordination in Left Front
Vellappally not authorized to grade LDF says Binoy Viswam




















































