തിരുവനന്തപുരം | 02, ജനുവരി | 2026
സിപിഐയെ വിമർശിച്ചും സിപിഐഎമ്മിനെ പുകഴ്ത്തിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് ഇടത് പാർട്ടികളുടെ നട്ടെല്ലെന്നും ഇത് അറിയുന്നതുകൊണ്ടാണ് സിപിഐഎം അർഹമായ പരിഗണന നൽകുന്നത്. സിപിഐയുടെ നവ നേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃശ്ചികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും ‘തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിന്റെ പേരിലുള്ള അപഹാസ്യ ചർച്ചകൾ നാട്ടിൽ ഇന്നും നിലനിൽക്കുന്ന അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും വൃത്തികെട്ട മുഖമാണ് വെളിച്ചത്തു കൊണ്ടുവന്നത്. സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും പിന്നാക്ക, അധഃസ്ഥിതസമുഹത്തോടുള്ള അസഹിഷ്ണുത തുടരുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം ചർച്ചകളെന്നും ലേഖനത്തിൽ പറയുന്നു.
“ആഗോള അയ്യപ്പസംഗമ വേദിയിലേക്ക് വരുംവഴി വളരെ യാദൃച്ഛികമായി ഉണ്ടായ സംഭവം വലിയ അപരാധമായിപ്പോയെന്ന് പറയുന്നവരുടെ ‘ഉദ്ദേശശുദ്ധി’ അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചാൽ ഇവിടെ എന്തു സംഭവിക്കാനാണ്?” ലേഖനത്തിൽ വെള്ളാപ്പള്ളി ചോദിക്കുന്നു.
ഉയർന്ന ജാതിയിൽപ്പെട്ട ഒരാളോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളയാളോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതെങ്കിൽ ചർച്ചയോ പരിഹാസങ്ങളോ ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്നേഹവും ഉണ്ട്. സമുദായത്തിന്റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.
സമുദായത്തിന്റെ കൂട്ടായ്മയെ തകർക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ട്. സ്വന്തം മതത്തിനായി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മഹാന്മാരാണ് തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
മലപ്പുറത്തെ പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള തന്റെ പ്രസംഗവും മുസ്‌ലിം ലീഗ് നേതാക്കളുടെ സ്വമത സ്നേഹത്തെക്കുറിച്ചുള്ള വിമർശനവും ഇതിനൊക്കെ ആക്കം കൂട്ടി.
“ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നത്,” വെള്ളാപ്പള്ളി പറയുന്നു.
കേരളത്തിലെ ന്യൂനപക്ഷ പ്രീണനങ്ങളെ എസ്എൻഡിപി യോഗം എതിർത്തിട്ടുണ്ട്. നാളെയും എതിർക്കും. ഒമ്പതര വർഷം പിണറായി വിജയൻ കേരളം ഭരിച്ചിട്ട് എന്തായാലും കുഴപ്പമൊന്നുമുണ്ടായില്ല. മാറാട് കലാപം പോലെ ഒന്നും സംഭവിച്ചില്ല. ഇക്കുറിയും ഭരണം നഷ്ടമാകുമോ എന്ന വിഭ്രാന്തിയിലാണ് മുസ്‌ലിം ലീഗ് നേതാക്കളെന്നും അദ്ദേഹം പറയുന്നു.
“ഈഴവ പിന്നാക്ക സമുദായങ്ങളാണ് ഇവിടെ സിപിഐഎം, സിപിഐ ഉൾപ്പടെയുള്ള ഇടതു പാർട്ടികളുടെ നട്ടെല്ല്. സിപിഐഎമ്മിന് അത് അറിയാവുന്നതുകൊണ്ടാണ് അവർ സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നത്. സിപിഐയുടെ നവനേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ല. ഭരണത്തിലിരിക്കെ ലഭിക്കുന്ന സ്ഥാനമാനങ്ങൾ വീതം വയ്ക്കുമ്പോഴും അവർ അക്കാര്യം മറന്നുപോകും,” വെള്ളാപ്പള്ളി ലേഖനത്തിൽ വിമർശിച്ചു.
Content Highlights
– Vellappally says Ezhava backward classes are backbone of Left parties
– CPM recognizes this, but CPI’s new leaders lack this conviction
– Defends traveling in CM’s car as coincidence
– Criticism reflects untouchability mentality still prevalent
– Muslim League acquired hundreds of aided institutions in Malabar
– SNDP Yogam got no space even for small office in Malappuram region
– Criticizes minority appeasement policies in Kerala




















































