കോഴിക്കോട് | ജനുവരി 2, 2026
കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ഭാഗികമായി പിന്തുണച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ലെന്നും കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ സ്വഭാവത്തെ പാർട്ടി അംഗീകരിക്കുന്നു, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളോടും പാർട്ടിക്ക് യോജിപ്പില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപന വിവാദം
മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കുന്നില്ലെന്ന വെള്ളാപ്പള്ളിയുടെ പരാതിക്ക് എം.വി. ഗോവിന്ദൻ മറുപടി നൽകി. “സ്ഥാപനങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരുമായാണ് സംസാരിക്കേണ്ടത്. പാർട്ടി അതിൽ നേരിട്ട് ഇടപെടേണ്ടതില്ല,” അദ്ദേഹം പറഞ്ഞു. നേരത്തെ, സ്ഥലമുണ്ടായിട്ടും സർക്കാർ അനുമതി നൽകുന്നില്ലെന്ന് വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹം പ്രകോപിതനായി മൈക്ക് തട്ടിമാറ്റിയത് വലിയ വിവാദമായിരുന്നു.
സി.പി.ഐക്കെതിരെ വെള്ളാപ്പള്ളി
അതേസമയം, എസ്.എൻ.ഡി.പി മുഖപത്രമായ ‘യോഗനാദ’ത്തിലൂടെ സി.പി.ഐ നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രൂക്ഷവിമർശനം ഉന്നയിച്ചു. ഈഴവ-പിന്നാക്ക വിഭാഗങ്ങളാണ് ഇടതുപക്ഷത്തിന്റെ നട്ടെല്ലെന്ന് സി.പി.ഐ.എമ്മിന് ബോധ്യമുണ്ട്. എന്നാൽ സി.പി.ഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിനെ പരിഹസിച്ച ബിനോയ് വിശ്വത്തിന്റെ നിലപാട് വികൃതമായ അയിത്ത മനസ്സിന്റെ തെളിവാണെന്നും ‘തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും’ എന്ന ലേഖനത്തിൽ വെള്ളാപ്പള്ളി കുറിച്ചു.
പിണറായിയുടെ പിന്തുണ
വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക്, ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ നിലപാട് ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുന്നണിക്കുള്ളിൽ സി.പി.ഐ-സി.പി.ഐ.എം ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് എം.വി. ഗോവിന്ദന്റെ ഈ പുതിയ പ്രതികരണം.
Content Highlight: CPM State Secretary M.V. Govindan stated that while the party respects Vellappally Natesan’s secular credentials, it does not endorse all his views. He added that issues regarding educational institutions should be addressed with the government. Meanwhile, Vellappally criticized CPI leadership in ‘Yoganadam,’ calling their attitude a sign of modern untouchability.




















































