ന്യൂഡൽഹി | ജനുവരി 2, 2026
ന്യൂഡൽഹി: പുകവലിക്കാരുടെ കീശ കീറുന്ന വാർത്തയുമായി കേന്ദ്ര ധനമന്ത്രാലയം. ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്ത് സിഗരറ്റ് വില കുത്തനെ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ടാക്സ് പരിഷ്കരണത്തിന്റെ ഭാഗമായി സിഗരറ്റിന്റെ ഓരോ ബ്രാൻഡിനും 15 മുതൽ 20 ശതമാനം വരെ വില വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സിഗരറ്റിന്റെ നീളത്തിന് അനുസരിച്ചായിരിക്കും പുതിയ നികുതി ഘടന നിശ്ചയിക്കുക.
നീളം കൂടിയാൽ നികുതിയും കൂടും
സിഗരറ്റുകളുടെ നീളം അടിസ്ഥാനമാക്കിയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന 69mm, 74mm വലിപ്പത്തിലുള്ള സിഗരറ്റുകൾക്ക് വലിയ തോതിലുള്ള വിലക്കയറ്റം ഉണ്ടാകും. ഓരോ ആയിരം സിഗരറ്റുകൾക്കും 2,050 രൂപ മുതൽ 8,500 രൂപ വരെയാണ് എക്സൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. ഒരു സിഗരറ്റിന് ശരാശരി 2 രൂപ മുതൽ 5 രൂപ വരെ അധികം നൽകേണ്ടി വരും.
65mm വരെയുള്ള സിഗരറ്റുകൾ: ഒന്നിന് 2.10 രൂപ വരെ വർദ്ധിക്കും.
65mm – 70mm വരെയുള്ളവ: 3.60 രൂപ മുതൽ 4 രൂപ വരെ അധിക നികുതി.
70mm – 75mm വരെ: ഓരോ സിഗരറ്റിനും 5.40 രൂപയിൽ കൂടുതൽ നികുതി.
നികുതി ഘടനയിലെ മാറ്റം
ജി.എസ്.ടി നഷ്ടപരിഹാര സെസ്സ് നിർത്തലാക്കിയതിന് പകരമായാണ് കേന്ദ്രം പുതിയ എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തുന്നത്. ഇനി മുതൽ സിഗരറ്റ്, പാൻ മസാല ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം ജി.എസ്.ടി (GST) നൽകണം. പാൻ മസാലയ്ക്ക് ‘ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ്സ്’ എന്ന പേരിൽ പുതിയൊരു നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ബീഡിക്ക് 18 ശതമാനമാണ് ജി.എസ്.ടി നിരക്ക്.
പുകയില ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുമുള്ള ‘സിൻ ടാക്സ്’ (Sin Tax) നയത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. നിലവിൽ 18 രൂപയ്ക്ക് ലഭിക്കുന്ന സിഗരറ്റിന് ഫെബ്രുവരി ഒന്ന് മുതൽ 21 – 22 രൂപ വരെ നൽകേണ്ടി വരുമെന്നാണ് വിപണിയിലെ സൂചന. സർക്കാരിന്റെ ഈ അറിയിപ്പിന് പിന്നാലെ ഐ.ടി.സി (ITC), ഗോഡ്ഫ്രെ ഫിലിപ്സ് തുടങ്ങിയ പ്രമുഖ പുകയില കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.
Content Highlight Cigarette prices in India are set to rise by 15-20% starting February 1, 2026, due to a new excise duty structure and 40% GST. The tax is calculated based on cigarette length, making longer sticks significantly costlier. The move aims to curb tobacco consumption and offset the loss of GST compensation cess.




















































