തിരുവനന്തപുരം | ജനുവരി 3, 2026
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ബി.ജെ.പി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. തിരുവനന്തപുരം കോർപ്പറേഷനിലെ മിന്നും വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ വമ്പൻമാരെ തന്നെ കളത്തിലിറക്കാനാണ് പാർട്ടിയുടെ തീരുമാനം. മുതിർന്ന നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും പ്രാധാന്യം നൽകുന്ന പട്ടികയാകും ബി.ജെ.പി പുറത്തിറക്കുക.
തിരുവനന്തപുരത്ത് കരുത്തുറ്റ നിര
തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ പ്രമുഖരെയാണ് പരിഗണിക്കുന്നത്.
നേമം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
കഴക്കൂട്ടം: വി. മുരളീധരൻ.
വട്ടിയൂർക്കാവ്: മുൻ ഡി.ജി.പി ആർ. ശ്രീലേഖ.
തിരുവനന്തപുരം സെൻട്രൽ: ജി. കൃഷ്ണകുമാർ അല്ലെങ്കിൽ കരമന ജയൻ.
ആറ്റിങ്ങൽ: തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാ നാഥ്.
മധ്യകേരളത്തിൽ ഷോൺ ജോർജും ജോർജ് കുര്യനും
കോട്ടയം ജില്ലയിൽ പാലാ പിടിക്കാൻ ഷോൺ ജോർജിനെ രംഗത്തിറക്കാനാണ് ബി.ജെ.പി ആലോചന. കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ട്. എൻ. ഹരി, നോബിൾ മാത്യു എന്നിവരുടെ പേരുകളും ഇവിടുത്തെ പട്ടികയിലുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മുപ്പതിനായിരത്തിലേറെ വോട്ടുകൾ നേടിയ കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
മറ്റ് പ്രധാന സാധ്യതകൾ
ശോഭാ സുരേന്ദ്രനെ അരൂരിലോ കായംകുളത്തോ മത്സരിപ്പിച്ചേക്കും. എം.ടി രമേശിനെ തൃശൂരിലൊ കോഴിക്കോട്ടൊ പരിഗണിക്കുന്നു. തിരുവല്ലയിൽ അനൂപ് ആന്റണിയുടെ പേരിനാണ് മുൻഗണന. കാട്ടാക്കട, ചിറയിൻകീഴ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ വെച്ചുമാറാനും സാധ്യതയുണ്ട്. ഇന്നുചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ ഈ കാര്യങ്ങളിൽ അന്തിമ ധാരണയായേക്കും.
Content Highlight BJP Kerala Core Committee is set to decide candidates for high-priority assembly seats. Former Union Ministers Rajeev Chandrasekhar and V. Muraleedharan are expected to contest from Nemom and Kazhakkoottam, respectively. Former DGP R. Sreelekha (Vattiyoorkavu) and Shone George (Pala) are also top contenders. Union Minister George Kurian might be fielded in Kanjirappally




















































