ലഖ്‌നൗ | 10, ജനുവരി | 2026
അയോധ്യ ക്ഷേത്രപരിസരത്തും പാഞ്ച്‌കോസി പരിക്രമ യാത്രാമാർഗത്തിലും മാംസാഹാരങ്ങൾ പൂർണമായി നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. കടകൾ, ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവിടങ്ങളിൽ മാത്രമല്ല, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങൾ വഴിയും പ്രദേശത്തേക്ക് മാംസാഹാരം എത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ ശുദ്ധി ഉറപ്പാക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികളുടെയും തീർഥാടകരുടെയും പരാതിയെ തുടർന്നാണ് ഓൺലൈൻ വഴിയുള്ള വിതരണത്തിനും നിയന്ത്രണം ഏർപ്പെടുത്തിയത്. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഓൺലൈൻ വഴി മാംസാഹാരം ഓർഡർ ചെയ്യുന്നത് വിശ്വാസികളെ വ്രണപ്പെടുത്തുന്നുണ്ടെന്നായിരുന്നു പരാതി.
കടകളിലും ഹോട്ടലുകളിലും മാംസാഹാരം വിൽക്കുന്നതിന് നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നെങ്കിലും ഓൺലൈൻ വഴിയുള്ള വിതരണത്തിന് നിയന്ത്രണമില്ലാതിരുന്നത് പഴുതായി മാറിയിരുന്നു. ഇപ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് നിർദേശം നൽകിയതായി സംസ്ഥാന അസിസ്റ്റന്റ് ഫുഡ് ഇൻസ്‌പെക്ടർ വ്യക്തമാക്കി.
നിർദേശം പൂർണമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. ഹോംസ്റ്റേകളിൽ മാംസാഹാരം വിളമ്പുന്നതിനും വിലക്കുണ്ട്.
സമാനമായ നടപടി പഞ്ചാബിലെ സുവർണക്ഷേത്ര പരിസരത്തും നേരത്തെ നടപ്പാക്കിയിരുന്നു. ഇറച്ചി, മീൻ, മദ്യം, പുകയില, മറ്റ് ലഹരിവസ്തുക്കൾ എന്നിവയെല്ലാം പ്രദേശത്ത് നിരോധിച്ച് പുണ്യനഗരിയായി പ്രഖ്യാപിച്ചിരുന്നു.
Content Highlights: Uttar Pradesh government bans non-vegetarian food in Ayodhya temple area and along Panchkosi Parikrama route; online food delivery apps also restricted from delivering meat products; monitoring strengthened to ensure compliance




















































