തിരുവനന്തപുരം | 10, ജനുവരി | 2026
ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള ക്ഷേത്രം തന്ത്രി കണ്ഠരർ രാജീവരെ ദ്വാരപാലക കേസിൽ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും. ദ്വാരപാലക ശിൽപപാളികൾ പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിയെ കുരുക്കിയത്. പ്രതിയാക്കാൻ എസ്ഐടി കോടതിയുടെ അനുമതി തേടും.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി 2004 മുതൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. ബെംഗളൂരുവിൽ നിന്നാണ് ഈ ബന്ധം തുടങ്ങുന്നത്. 2007 ലാണ് കീഴ്ശാന്തിയുടെ പരികർമിയെന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്ത്രി ശബരിമലയിലെത്തിക്കുന്നത്. പിന്നീട് 2018 ആവുമ്പോഴേക്കും സ്‌പോൺസർ എന്ന നിലയിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി മാറുകയായിരുന്നുവെന്നുമാണ് എസ്ഐടി കണ്ടെത്തൽ.
സ്‌പോൺസർ ആക്കുന്നതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. കേരളത്തിന് പുറത്തുനിന്ന് സ്‌പോൺസർഷിപ്പിന് വേണ്ടി പണം ലഭിച്ചതിൽ തന്ത്രിയുമായുള്ള ബന്ധം ഉണ്ണികൃഷ്ണൻ പോറ്റി ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് തന്ത്രിക്കും കൃത്യമായ ധാരണയുണ്ടായിരുന്നു. പോറ്റിയെയും തന്ത്രിയെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങാനാണ് എസ്ഐടി തീരുമാനം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധനും സ്ഥിരീകരിച്ചു. പോറ്റിയെ തന്ത്രിയുടെ മുറിയിൽവെച്ചുകണ്ടെന്നാണ് ഗോവർധന്റെ മൊഴി. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ദേവസ്വം ജീവനക്കാരും മൊഴി നൽകി.
സ്വർണക്കടത്ത് കേസിൽ ശനിയാഴ്ചയാണ് തന്ത്രിയുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വർണപ്പാള്ളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പ്രതിയായെന്നുമാണ് അറസ്റ്റ് റിപ്പോർട്ടിലും റിമാൻഡ് റിപ്പോർട്ടിലുമായി പറയുന്നത്. കേസിൽ 13ാം പ്രതിയായ കണ്ഠരർ രാജീവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Content Highlights: SIT to make Sabarimala tantri Kanthararu Rajeevaru accused in Dwarapaalaka case; former Devaswom Board president Padmakumar’s statement implicates tantri; 20-year relationship with prime accused Unnikrishnan Potty since 2004; tantri’s role in sponsorship deals under investigation




















































