മലപ്പുറം | 14, ജനുവരി | 2026
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ മത്സരിക്കണമെന്ന് യുഡിഎഫ് നേതൃത്വം. മണ്ഡലത്തിൽ സജീവമാകാൻ അൻവറിന് മുന്നണി നേതൃത്വം കർശന നിർദ്ദേശം നൽകി കഴിഞ്ഞു. അൻവർ ബേപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നത് കോഴിക്കോട് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ഡിസിസിയുടെ കണക്കുകൂട്ടൽ.
നിലവിൽ തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രം നൽകാനാണ് മുന്നണിയിലെ പ്രാഥമിക ആലോചന. നേരത്തെ തവനൂർ, പട്ടാമ്പി എന്നീ മണ്ഡലങ്ങൾ അൻവർ ആവശ്യപ്പെട്ടിരുന്നെങ്കിലും റിയാസിനെ നേരിടാൻ ബേപ്പൂർ തന്നെ വേണമെന്ന നിലപാടിലാണ് യുഡിഎഫ്. ‘മരുമോനിസത്തിന്റെ അടിവേരറുക്കാൻ’ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സുകൾ മണ്ഡലത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നണി തീരുമാനത്തിനൊപ്പം നിൽക്കാനാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പ്രചാരണ പരിപാടികളിലും അൻവർ സജീവമായി പങ്കെടുക്കും. പി വി അൻവർ അങ്കത്തിനിറങ്ങിയാൽ ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത പോരാട്ടം നടക്കുമെന്നുറപ്പാണ്.
Content Highlights
UDF leadership suggests P V Anvar to contest against Minister Mohammed Riyas in Beypore; Kozhikode DCC exerts pressure on Anvar to be active in the constituency; Trinamool Congress focuses on winning Beypore to help UDF return to power.




















































