കോഴിക്കോട് | 21, ജനുവരി | 2026
സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ഷിംജിതയെ കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. ഇവരെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് ഷിംജിതയെ ഇന്ന് പിടികൂടിയത്.
ബസിൽ വെച്ച് ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ദീപക്കിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും താൻ നിരപരാധിയാണെന്നും മകൻ പറഞ്ഞിരുന്നതായി മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, സംഭവദിവസം ബസിൽ വെച്ച് അത്തരമൊരു പരാതി യുവതി ഉന്നയിച്ചിട്ടില്ലെന്ന് ബസ് ജീവനക്കാരും പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. ഷിംജിത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കും. സൈബർ നിയമങ്ങളും ആത്മഹത്യാ പ്രേരണാക്കുറ്റവും ഉൾപ്പെടുത്തിയാണ് പോലീസ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
Content Highlights: Shimjitha Mustafa remanded for 14 days in Deepak suicide case, Kozhikode Magistrate court order, Shimjitha shifted to Manjeri women’s jail.




















































