തിരുവനന്തപുരം | 21, ജനുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ സന്ദർശനം നടത്തിയതായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. എന്നാൽ അയൽവാസിയുടെ വെളിപ്പെടുത്തൽ പോലെ രണ്ടു തവണയല്ല, ഒരു തവണ മാത്രമാണ് താൻ അവിടെ പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
2017-18 കാലഘട്ടത്തിൽ ഒരു ചടങ്ങിന് ക്ഷണിച്ചതനുസരിച്ചാണ് പോറ്റിയുടെ വീട്ടിൽ പോയത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളില്ലെന്നും അദ്ദേഹത്തിൽ നിന്ന് ഒരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി വിശദീകരിച്ചു. പോറ്റിയുമായുള്ള പരിചയത്തെക്കുറിച്ച് അന്വേഷണ സംഘത്തോട് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നും ഇരകളെ തേടി നടക്കുന്നത് പ്രതിപക്ഷത്തിന്റെ പതിവാണെന്ന് കടകംപള്ളി പരിഹസിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു മന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കേസിൽ തന്ത്രി തെറ്റ് ചെയ്തതായി താൻ കരുതുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പോറ്റിയുടെ വീട്ടിൽ മന്ത്രി രണ്ട് തവണ വരികയും ആഹാരം കഴിക്കുകയും ചെയ്തുവെന്ന അയൽവാസിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിശദീകരണവുമായി കടകംപള്ളി രംഗത്തെത്തിയത്.
Content Highlights: Kadakampally Surendran admits visiting Unnikrishnan Potti’s house once, Denies taking any gifts, Terms opposition allegations as politically motivated.




















































