കോട്ടയം | 22, ജനുവരി | 2026
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകൾ അനാവശ്യമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിമർശനം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം അഭ്യൂഹങ്ങൾ പാർട്ടിക്ക് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുമെന്ന് ചങ്ങനാശേരിയിൽ നിന്നുള്ള അംഗം ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്തരമൊരു ചർച്ച പാർട്ടിയിൽ നടന്നിട്ടില്ലെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നുമാണ് ജില്ലാ അധ്യക്ഷൻ ലോപസ് മാത്യു യോഗത്തിൽ മറുപടി നൽകിയത്.
നേരത്തെ നടന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലും സമാനമായ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ അത് തടയാൻ നേതാക്കൾക്കായില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുമെന്നും കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
പാർട്ടിക്കെതിരെ പല കോണുകളിൽ നിന്നും ആസൂത്രിതമായ ആക്രമണം നടന്നപ്പോൾ ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും കമ്മിറ്റി വിലയിരുത്തി. വെള്ളിയാഴ്ച നടന്ന യോഗത്തിന് മുന്നോടിയായി തന്നെ തങ്ങൾ ഇടതുമുന്നണി വിടില്ലെന്ന് ജോസ് കെ മാണി പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും, പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
Content Highlights: Kerala Congress M district steering committee criticizes front shift rumors, Lopez Mathew denies internal discussions, Jose K Mani facing personal attacks according to state committee.




















































