കോട്ടയം | 25, ജനുവരി | 2026
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ രണ്ടാം കക്ഷിയായ പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് നൽകുന്ന സീറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കോൺഗ്രസ് നീക്കം. കഴിഞ്ഞ തവണ കേരള കോൺഗ്രസ് പരാജയപ്പെട്ട ഏറ്റുമാനൂർ, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട് എന്നീ നാല് സീറ്റുകൾ തിരികെ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കേരള കോൺഗ്രസിന് പഴയ ശക്തിയില്ലെന്നും വിജയസാധ്യത പരിഗണിച്ച് കോൺഗ്രസ് തന്നെ ഈ സീറ്റുകളിൽ മത്സരിക്കണമെന്നും ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.
2021-ൽ പത്ത് സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസിന് തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണ് വിജയിക്കാനായത്. ഇത്തവണ അവർക്ക് പരമാവധി അഞ്ച് സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്ന ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം. ഇതിന് പുറമെ കേരള കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂർ, തിരുവല്ല മണ്ഡലങ്ങൾ കൂടി ഏറ്റെടുക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
തിരിച്ചെടുക്കാൻ ലക്ഷ്യമിടുന്ന മണ്ഡലങ്ങൾ:
ചങ്ങനാശേരി: 1980 മുതൽ കേരള കോൺഗ്രസിന്റെ കോട്ടയാണെങ്കിലും ഇത്തവണ കൈപ്പത്തി അടയാളത്തിൽ സ്ഥാനാർത്ഥി വേണമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
കുട്ടനാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് ഈ സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്.
ഏറ്റുമാനൂർ: മന്ത്രി വി.എൻ. വാസവനെതിരെ മികച്ച സ്ഥാനാർത്ഥിയെ നിർത്താൻ കേരള കോൺഗ്രസിന് ശേഷിയില്ലെന്നാണ് വിലയിരുത്തൽ.
ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിനെ നേരിടാൻ കോൺഗ്രസ് തന്നെ ഇറങ്ങണമെന്നാണ് ആവശ്യം.
എന്നാൽ, കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും ഇത്തവണയും മത്സരിക്കാൻ അവകാശമുണ്ടെന്ന് കേരള കോൺഗ്രസ് വാദിക്കുന്നു. ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് മാണി വിഭാഗം കൂടുതൽ സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തുമ്പോൾ, മറുവശത്ത് യുഡിഎഫിൽ ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകൾ കുറയ്ക്കാനുള്ള കോൺഗ്രസ് നീക്കം മുന്നണിയിൽ അസ്വാരസ്യങ്ങൾക്ക് വഴിതുറന്നേക്കാം. വിജയസാധ്യത മാത്രമായിരിക്കും സീറ്റ് വിഭജനത്തിലെ മാനദണ്ഡമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു.
Content Highlights
Congress plans to reclaim four key seats—Ettumanoor, Changanassery, Idukki, and Kuttanad—from the PJ Joseph-led Kerala Congress.
Arguments arise that Kerala Congress lacks its former influence and had a poor success rate (winning only 2 out of 10 seats) in 2021.
Local Congress leaders demand the ‘Hand’ symbol in Changanassery and Kuttanad to counter strong LDF sitting MLAs.
Discussions also point to swapping or taking over Thrikkarippur and Thiruvalla seats.
Kerala Congress insists on contesting all previous seats, while Congress prioritizes winnability for the 2026 polls.




















































