ന്യൂഡൽഹി | 10, ഫെബ്രുവരി | 2026
ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്‌സഭാ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് കൈമാറിയത്. സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറലിന് നോട്ടീസ് നൽകിയത്. ലോക്‌സഭയുടെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് വരുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഇതാദ്യമായാണ് സ്പീക്കർ ഇത്തരം ഒരു നീക്കം നേരിടുന്നത്.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും സ്പീക്കർ സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്നും നോട്ടീസിൽ ആരോപിക്കുന്നു. വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് സ്പീക്കർ അസത്യം പ്രചരിപ്പിച്ചതായും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ സമ്മേളന കാലയളവിൽ 8 എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി സ്പീക്കറുടെ പക്ഷപാതത്തിന് തെളിവാണെന്ന് നോട്ടീസിൽ പറയുന്നു.
ആകെ 118 എംപിമാർ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പിടാൻ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് മമത ബാനർജിയുടെ പാർട്ടി ഈ നീക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് സൂചന. ചട്ടപ്രകാരം 14 ദിവസത്തിന് ശേഷം മാത്രമേ അവിശ്വാസ നോട്ടീസ് സഭയുടെ പരിഗണനയ്ക്ക് വരികയുള്ളൂ.
Content Highlights
- INDIA alliance moves no-confidence motion against Lok Sabha Speaker Om Birla.
- This is the fourth time in history and the first time during the NDA regime that a Speaker faces such a notice.
- Opposition accuses the Speaker of bias and making false statements against women MPs.
- 118 MPs signed the notice, but Trinamool Congress (TMC) refrained from signing.
- Notice submitted to the Lok Sabha Secretary General in the absence of a Deputy Speaker.




















































