കൊച്ചി | 12, ഫെബ്രുവരി | 2026
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം സ്തംഭിച്ചു. പണിമുടക്ക് ഉച്ചയോടടുക്കുമ്പോൾ സംസ്ഥാനത്തെ ഗതാഗത-വ്യാപാര മേഖലകൾ പൂർണ്ണമായും നിശ്ചലമായ നിലയിലാണ്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് പൂർണ്ണമായും നിർത്തിവെച്ചതോടെ സാധാരണക്കാർ ദുരിതത്തിലായി. ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഓഫീസുകളിലും ഹാജർ നില വളരെ കുറവാണ്. സെക്രട്ടേറിയറ്റിലും കലക്ടറേറ്റുകളിലും ചുരുക്കം ചില ജീവനക്കാർ മാത്രമാണ് എത്തിയത്. പണിമുടക്ക് അനുകൂലികൾ പലയിടത്തും പ്രകടനങ്ങൾ നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ നഗരങ്ങളിൽ ഹർത്താലിന് സമാനമായ അന്തരീക്ഷമാണ്. ബാങ്കിംഗ് ഇടപാടുകളെയും പണിമുടക്ക് സാരമായി ബാധിച്ചു.
കൊച്ചി മെട്രോയും വാട്ടർ മെട്രോയും തടസ്സമില്ലാതെ സർവീസ് നടത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നുണ്ട്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, പാൽ-പത്രം തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരെയും തീർത്ഥാടന വാഹനങ്ങളെയും പണിമുടക്ക് ബാധിച്ചിട്ടില്ല. എന്നാൽ പണിമുടക്കിനോടുള്ള സമീപനത്തിൽ ഇടത് അനുകൂല സംഘടനകളും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും തമ്മിലുള്ള ഭിന്നത രാഷ്ട്രീയ തലത്തിലും ചർച്ചയാകുന്നുണ്ട്.
Content Highlights
- Normal life paralyzed in Kerala as the 24-hour national strike progresses.
- Public transport systems including KSRTC and private buses stay off the road.
- Low attendance reported in government offices despite the ‘Dies-non’ order.
- Business establishments remain closed; banking services are largely affected.
- Kochi Metro, Water Metro, and essential services remain functional.




















































