ചെന്നൈ | 13, ഫെബ്രുവരി | 2026
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി ഡിഎംകെ സർക്കാർ. കലൈഞ്ജർ വനിതാ അവകാശ പദ്ധതി (KMUT) പ്രകാരം അർഹരായ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് ഇന്ന് സർക്കാർ കൈമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി ഗുണഭോക്താക്കൾക്ക് തുക ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാലിന്റെ ഈ നീക്കം.
പ്രതിമാസം 1,000 രൂപ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ 5,000 രൂപ ഒന്നിച്ച് നൽകിയിരിക്കുന്നത്. ഫെബ്രുവരിയിലെ തുകയോടൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലെ തുകയായ 3,000 രൂപ മുൻകൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2,000 രൂപ കൂടി ചേർത്താണ് 5,000 രൂപയാക്കി വിതരണം ചെയ്തത്.
”തിരഞ്ഞെടുപ്പ് കാരണം കാട്ടി ഈ തുക മുടക്കാൻ ചിലർ നോക്കുന്നു, എന്നാൽ നമ്മുടെ ദ്രാവിഡ മോഡൽ സർക്കാർ അത് മുൻകൂട്ടി കണ്ടു,” എന്ന് സ്റ്റാലിൻ തന്റെ എക്സ് (X) കുറിപ്പിൽ വ്യക്തമാക്കി. അടുത്ത തവണ അധികാരത്തിൽ വന്നാൽ പ്രതിമാസ തുക 2,000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ ഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്നും ഇത് തന്റെ സഹോദരിമാർക്ക് നൽകുന്ന ഉറപ്പാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Content Highlights
- DMK government transfers ₹5,000 each to 1.31 crore women in Tamil Nadu.
- The amount includes monthly assistance for Feb, March, and April plus a ₹2,000 summer bonus.
- CM M.K. Stalin makes this strategic move ahead of the 2026 Assembly Elections.
- Stalin promises to double the monthly benefit to ₹2,000 if re-elected.
- The transfer aims to bypass potential delays due to the election model code of conduct.




















































