സേലം | 14, ഫെബ്രുവരി | 2026
തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ് സേലത്ത് സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ രണ്ട് വേറിട്ട സംഭവങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. റാലിക്കിടെ മഹാരാഷ്ട്ര സ്വദേശിയായ 37-കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചപ്പോൾ, സമ്മേളന വേദിക്ക് സമീപം മറ്റൊരു തൊഴിലാളി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
സേലം സേവപ്പെട്ടൈയിൽ താമസിക്കുന്ന സൂരജ് (സിറാജ്) എന്ന നിർമ്മാണ തൊഴിലാളിയാണ് റാലിക്കിടെ കുഴഞ്ഞുവീണത്. 20 വർഷമായി കുടുംബത്തോടൊപ്പം സേലത്ത് താമസിക്കുന്ന ഇയാൾ കഴിഞ്ഞ വർഷം ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. റാലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണവാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ടിവികെ പ്രവർത്തകരും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷാവസ്ഥയുമുണ്ടായി. മാധ്യമപ്രവർത്തകരെ പാർട്ടി പ്രവർത്തകർ തടയാൻ ശ്രമിച്ചതായി പരാതിയുണ്ട്.
മറ്റൊരു സംഭവത്തിൽ, റാലി നടന്ന പ്രദേശത്തിന് സമീപം മുരുകൻ (50) എന്ന പോർട്ടർ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബപ്രശ്നങ്ങളെ തുടർന്ന് മദ്യത്തിൽ വിഷം ചേർത്ത് കഴിച്ച് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുമ്പ് കരൂരിലെ റാലിക്കിടെയുണ്ടായ അപകടത്തിന് പിന്നാലെ വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും സേലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlights: A 37-year-old construction worker died of a heart attack during the TVK rally in Salem, while another man committed suicide near the venue.




















































