കൊച്ചി | 19, ഫെബ്രുവരി | 2026
പാരമ്പര്യമായി യുഡിഎഫിനെ തുണച്ചിട്ടുള്ള കുന്നത്തുനാട് മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാൻ യുവത്വത്തിന്റെ കരുത്ത് തേടി കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന ‘പുതുയുഗയാത്ര’ നൽകുന്ന ആവേശത്തിനൊപ്പം, യുവാക്കൾക്ക് 50 ശതമാനം സീറ്റുകൾ നൽകുമെന്ന പ്രഖ്യാപനവും വന്നതോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വി.ആർ. രാംലാലിന്റെ പേര് സജീവ പരിഗണനയിൽ വന്നത്.
മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സുപരിചിതനായ രാംലാൽ കുന്നത്തുനാടിന് പുതിയൊരു ദിശാബോധം നൽകാൻ പ്രാപ്തനാണെന്നാണ് വിലയിരുത്തൽ.
കെഎസ്‌യു സംസ്ഥാന സെക്രട്ടറി, കോട്ടയം എംജി സർവ്വകലാശാല യൂണിയൻ എക്‌സിക്യൂട്ടീവ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ,എന്നീ നിലകളിൽ പ്രവർത്തിച്ച് രാഷ്ട്രീയ പാരമ്പര്യമുള്ള രാംലാൽ, നിലവിൽ ഹൈക്കോടതിയിലെ അഭിഭാഷകനാണ്. യൂത്ത് കോൺഗ്രസ് രക്തസാക്ഷികളായ കൃപേഷ്-ശരത്ത്ലാൽ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ 16 ദിവസം കാക്കനാട് ജയിലിൽ കഴിഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ നേർച്ചിത്രമാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കേരളത്തിലുടനീളം പദയാത്രികനായ രാംലാൽ ദേശീയ നേതൃത്വത്തിനും സുപരിചിതനാണ്.
മണ്ഡലത്തിന്റെ അതിർത്തിയോട് ചേർന്ന് കീഴ്മാടിലാണ് താമസിക്കുന്നതെങ്കിലും, കുന്നത്തുനാടുമായി രാംലാലിന് വൈകാരികമായ ബന്ധമുണ്ട്. വാഴക്കുളത്തോട് ചേർന്നുള്ള മൗലൂദ് പുരയാണ് അദ്ദേഹത്തിന്റെ മാതാവിന്റെ സ്വദേശം. കൂടാതെ കിഴക്കമ്പലം കുന്നത്തുനാട് മഴുവന്നൂർ പഞ്ചായത്തുകളിലെ ബന്ധുബലവും അനുകൂല ഘടകമാണ്. മണ്ഡലത്തിലെ കുടുംബങ്ങളുമായുള്ള ഈ ആത്മബന്ധവും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കുന്നത്തുനാട്ടിലെ കുടുംബസംഗമങ്ങളിൽ അദ്ദേഹം നടത്തിയ ജനകീയ ഇടപെടലുകളും വിജയസാധ്യത വർധിപ്പിക്കുന്നു. ട്വന്റി-20 എൻടിഎ യുടെ സഖ്യകക്ഷിയാകുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ, മണ്ഡലത്തിലെ വോട്ടുകൾ തിരിച്ചുപിടിക്കാൻ രാംലാലിനെപ്പോലെയുള്ള സാധാരണക്കാർക്കിടയിൽ നിന്നു വളർന്നുവന്ന ഒരു യുവനേതാവിന് സാധിക്കുമെന്നാണ് യുഡിഎഫ് അണികളുടെയും നേതാക്കളുടെയും വിലയിരുത്തൽ.
Content Highlights: Adv. V.R. Ramlal is emerging as a strong UDF contender for the Kunnathunad constituency. A former full-time Bharat Jodo Yatri and Youth Congress state secretary, his sacrifice during the Periya martyrs’ protest and his deep roots in the constituency make him a favorable candidate.




















































