ന്യൂഡൽഹി | 23, ജനുവരി | 2026
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പോറ്റി കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പരിചയപ്പെട്ടതെന്നും തനിക്കെതിരെ വാർത്തകൾ നൽകുന്ന റിപ്പോർട്ടർ ടിവി ‘മരംമുറി’ ചാനലാണെന്നും അദ്ദേഹം പരിഹസിച്ചു. രാവിലെ മുതൽ തന്നെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആറ്റിങ്ങൽ എംപി ആയ ശേഷമാണ് പോറ്റിയെ പരിചയപ്പെടുന്നത്. ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങിന് ക്ഷണിക്കാനാണ് അദ്ദേഹം വന്നത്. അന്ന് ഉപഹാരമായി തന്ന കവറിൽ ഡേറ്റ്സ് (ഈന്തപ്പഴം) ആയിരുന്നു. അത് കൂടെയുണ്ടായിരുന്നവർക്ക് തന്നെ നൽകി. മോഷ്ടിച്ചതിന്റെ പങ്കാണെന്ന് ആരും കരുതേണ്ട. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന് ക്ഷണിച്ച കവറാണ് പിന്നീട് കൈമാറിയത്. ആ ക്ഷണം സ്വീകരിച്ചാണ് അവരുടെ വീട്ടിൽ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയാ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ലഭിച്ചപ്പോൾ എംപി എന്ന നിലയിൽ കൂടെ ചെല്ലാമോ എന്ന് ചോദിച്ചതിനാലാണ് ഒപ്പം പോയത്. അല്ലാതെ താൻ വഴിയല്ല പോറ്റി അവിടെ എത്തിയത്. പ്രതിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറയുന്ന അയൽക്കാരൻ പെയ്ഡ് സാക്ഷിയാകാമെന്നും അദ്ദേഹം ആരോപിച്ചു. പ്രതിയുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിൽ പാർട്ടിക്ക് ആശങ്കയില്ലെന്നും രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള പരിചയം മാത്രമാണിതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Content Highlights
UDF Convener Adoor Prakash clarifies his acquaintance with gold theft accused Unnikrishnan Potti.
Mocks Reporter TV as ‘Marammuri Channel’ for broadcasting continuous reports against him.
States that the gift received from the accused was merely a packet of dates.
Denies facilitating the meeting between the accused and Sonia Gandhi, calling it a normal request as an MP.
Claims that the witness portraying him as a frequent visitor is a paid witness.




















































