പട്ന: ബിഹാറിൽ സർക്കാർ വസതി സംബന്ധിച്ച് വിവാദം രൂക്ഷമായിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി റാബ്രി ദേവിക്ക് ഔദ്യോഗിക വസതി ഒഴിയാൻ അധികൃതർ നോട്ടീസ് നൽകി. ആർജെഡി നേതാവായ ഭർത്താവ് ലാലു പ്രസാദ് യാദവും മകൻ തേജസ്വി യാദവും നിലവിൽ റാബ്രി ദേവിയുടെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്.
‘സർക്കുലർ വൺ’ എന്നറിയപ്പെടുന്ന സർക്കാർ വസതി കഴിഞ്ഞ 20 വർഷമായി റാബ്രി ദേവിയുടെ കൈവശമുണ്ട്. ആർജെഡിയുടെ പ്രധാന നേതൃയോഗങ്ങൾ നടക്കുന്നതും ഈ വസതിയിലാണ്. ഇതിന് പകരമായി ഹാർഡിംഗ് റോഡിലെ സെൻട്രൽ പൂൾ ഹൗസ് നമ്പർ 39 എന്ന പുതിയ സർക്കാർ വസതി അനുവദിച്ചിട്ടുണ്ട്.
നിയമങ്ങൾ അനുസരിച്ച് റാബ്രി ദേവി വസതി ഒഴിയണമെന്ന് ബിജെപി വക്താവ് നീരജ് കുമാർ അഭിപ്രായപ്പെട്ടു. ഒരു സർക്കാർ സ്വത്തും അനധികൃതമായി കൈവശം വയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർകാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെതിരെ ആർജെഡി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഈ നടപടി പിതാവിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ ആരോപിച്ചു. അധികൃതർക്ക് അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കാൻ കഴിയുമെങ്കിലും ബിഹാറിലെ ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് എങ്ങനെ പുറത്താക്കുമെന്ന് അവർ സമൂഹ മാധ്യമത്തിൽ ചോദിച്ചു.




















































