തിരുവനന്തപുരം | ഡിസംബർ 30, 2025
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എൽ.ഡി.എഫ് സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി സി.പി.ഐ. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളിലാണ് സർക്കാരിന്റെ നിലപാടുകൾക്കെതിരെ തുറന്നടിച്ചത്. മുഖ്യമന്ത്രിയോടുള്ള ജനങ്ങളുടെ എതിർപ്പ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന് യോഗം വിലയിരുത്തി.
പത്മകുമാറിനെതിരായ നടപടി വൈകുന്നു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജനങ്ങൾക്കിടയിലുള്ള സംശയം ദൂരീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സി.പി.ഐ വിമർശിച്ചു. കേസിൽ അറസ്റ്റിലായ സി.പി.ഐ.എം നേതാവ് എ. പത്മകുമാറിനെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കാത്തത് ജനങ്ങൾക്കിടയിൽ സംശയം ബലപ്പെടുത്തിയെന്നും ഇത് തിരഞ്ഞെടുപ്പിൽ വിനയായെന്നും യോഗം നിരീക്ഷിച്ചു.
വെള്ളാപ്പള്ളി ബന്ധവും പി.എം ശ്രീയും
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തുടർച്ചയായി ന്യായീകരിക്കുന്നത് ശരിയല്ലെന്നും ഇതിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നും സി.പി.ഐ കുറ്റപ്പെടുത്തി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതും ശബരിമല വിവാദങ്ങളും സർക്കാരിന് തിരിച്ചടിയായി. ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും വോട്ട് കുറഞ്ഞത് ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണ്.
തിരുത്തൽ വേണമെന്ന് മുന്നറിയിപ്പ്
എൽ.ഡി.എഫും സർക്കാരും നിലവിലെ രീതിയിൽ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തിയാൽ മാത്രമേ തുടർഭരണ സാധ്യതയുള്ളൂവെന്നും സി.പി.ഐ നേതൃത്വം ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് യോഗത്തിൽ ഈ കാര്യങ്ങൾ ഔദ്യോഗികമായി ഉന്നയിക്കാനാണ് സി.പി.ഐയുടെ തീരുമാനം.
Content Highlight: CPI state leadership criticized CM Pinarayi Vijayan and the LDF government for the local body election loss. They alleged that the delay in taking action against A. Padmakumar in the Sabarimala case and the CM’s soft stand on Vellappally Natesan negatively impacted the results.




















































