കൊല്ലം | ജനുവരി 7, 2026
കൊല്ലം: കാൽനൂറ്റാണ്ടിന് ശേഷം കൊല്ലം കോർപ്പറേഷൻ ഭരണം നഷ്ടമായതിന് പിന്നാലെ സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് മുതിർന്ന നേതാവും മേയർ സ്ഥാനാർത്ഥിയുമായിരുന്ന വി.കെ. അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയതാണ് തോൽവിക്ക് കാരണമെന്ന ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടാണ് അനിരുദ്ധനെ പ്രകോപിപ്പിച്ചത്.
നാടകീയ രംഗങ്ങൾ
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. റിപ്പോർട്ടിലെ പരാമർശങ്ങൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് അനിരുദ്ധൻ യോഗത്തിൽ തുറന്നടിച്ചു. “നാടകവും സാമ്പശിവന്റെ കഥാപ്രസംഗവും കണ്ടാണ് താൻ സി.പി.ഐ.എമ്മിൽ എത്തിയത്. പാർട്ടിയാണ് എനിക്ക് എല്ലാമെന്നും” അദ്ദേഹം വികാരാധീനനായി പറഞ്ഞു. ഇതിന് പിന്നാലെ യോഗത്തിൽ നിന്ന് അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു.
ഇടതിന്റെ ഉരുക്കുകോട്ട തകർന്ന് കൊല്ലം
കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് കൊല്ലത്ത് യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. 55 അംഗ കൗൺസിലിൽ 27 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. എൽ.ഡി.എഫ് 16 സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ, ബി.ജെ.പി 12 സീറ്റുകളുമായി കരുത്തറിയിച്ചു. കന്നിമേൽ വെസ്റ്റ് വാർഡിൽ നിന്ന് മത്സരിച്ച വി.കെ. അനിരുദ്ധനെ ബി.ജെ.പി സ്ഥാനാർത്ഥി അജിത്ത് ചോഴത്തിൽ 27 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
വിമർശനം കടുപ്പിച്ച് ജില്ലാ കമ്മിറ്റി
മേയർ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് മുതൽ പ്രചാരണ പ്രവർത്തനങ്ങളിൽ വരെ പാളിച്ചകൾ സംഭവിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ പാർട്ടി തീരുമാനപ്രകാരം മത്സരിക്കാനിറങ്ങിയ തന്നെ ഇപ്പോൾ ബലിയാടാക്കുകയാണെന്ന വികാരമാണ് അനിരുദ്ധൻ അനുകൂലികൾക്കിടയിലുള്ളത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് തിരിച്ചടി നേരിടാതിരിക്കാൻ അടിയന്തര തിരുത്തൽ നടപടികൾ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം.
Content Highlight Senior CPIM leader V.K. Anirudhan walked out of the Kollam District Committee meeting after a party report blamed him for the LDF’s historic defeat in the Kollam Corporation. The report stated that highlighting a “non-acceptable” person as the Mayor candidate led to the loss. Anirudhan, who lost his seat to a BJP candidate, reacted emotionally in the presence of State Secretary M.V. Govindan.




















































