തിരുവനന്തപുരം | 20, ജനുവരി | 2026
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ അണിനിരത്തി ഭരണം നിലനിർത്താൻ സിപിഐഎം നീക്കം. മുൻ മന്ത്രിമാർ, എംപിമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവരെ മത്സരരംഗത്തിറക്കി വലിയ തിരിച്ചുവരവിനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രായപരിധിയോ നിശ്ചിത ടേമുകളോ പരിഗണിക്കാതെ, വിജയസാധ്യതയ്ക്ക് മാത്രം മുൻഗണന നൽകിക്കൊണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് നടക്കാൻ പോകുന്നതെന്നാണ് സൂചനകൾ.
മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ആലപ്പുഴയിൽ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്. തൃശ്ശൂരിലെ മണലൂർ മണ്ഡലത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. കോഴിക്കോട് നോർത്തിൽ ജനസമ്മതിയുള്ള എ. പ്രദീപ് കുമാറിനെ വീണ്ടും കളത്തിലിറക്കാനും സാധ്യതയുണ്ട്.
കോട്ടയത്ത് സുരേഷ് കുറുപ്പ്, കായംകുളത്ത് സി.എസ്. സുജാത എന്നിവരെയും പാർട്ടി നേതൃത്വം പരിഗണിക്കുന്നു. മുൻ എംപിമാരായ പി.കെ. ബിജുവിനെ ആറ്റിങ്ങലിലും എ.എം. ആരിഫിനെ അരൂർ അല്ലെങ്കിൽ അമ്പലപ്പുഴ മണ്ഡലത്തിലും സ്ഥാനാർത്ഥിയാക്കിയേക്കും. പി. ശശി, ഇ.പി. ജയരാജൻ, ജി. സുധാകരൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകളും പാർട്ടിയുടെ ചർച്ചാ പട്ടികയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: Assembly Election 2026, Thomas Issac and C Raveendranath may contest from CPIM, Kerala Election 2026 candidate list.




















































