കൊല്ലം I ഡിസംബർ 19, 2025
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷിക്കും. കേസിന്റെ എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ഇ.ഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. കള്ളപ്പണ ഇടപാടുകൾ നടന്നോ എന്ന് പരിശോധിക്കാൻ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി വിധി.
കേസിൽ ഇ.ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) ശക്തമായി എതിർത്തിരുന്നു. ഇ.ഡി കൂടി അന്വേഷണത്തിന് എത്തുന്നത് കേസിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുമെന്നും കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, എസ്.ഐ.ടിയുടെ ഈ എതിർപ്പുകൾ കോടതി തള്ളുകയായിരുന്നു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് ഇ.ഡി രംഗത്തെത്തിയിരിക്കുന്നത്. ഹർജിയിൽ പറഞ്ഞിട്ടുള്ള മുഴുവൻ രേഖകളും കൈമാറുന്നതോടെ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തേക്കും. ഇത് കേസിൽ കൂടുതൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ളവർക്ക് കുരുക്കായി മാറാൻ സാധ്യതയുണ്ട്.
Content Highlight: The Kollam Vigilance Court has ordered to hand over all case documents, including the FIR and remand report, to the Enforcement Directorate (ED) to investigate the money laundering aspects of the Sabarimala gold theft case.




















































