കൊച്ചി I ഡിസംബർ 19, 2025
പാലക്കാട് അതിഥിത്തൊഴിലാളിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തിൽ മലയാളിയുടെ കപടസാംസ്കാരിക ബോധത്തെ രൂക്ഷമായി വിമർശിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ജീവിക്കാൻ വേണ്ടി കേരളത്തിലെത്തുന്നവരെ കൂട്ടംകൂടി മർദ്ദിക്കാനും കൊല്ലാനും നമുക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാവപ്പെട്ട തൊഴിലാളികൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും പ്രതികൾക്ക് രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ളതാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുരളി തുമ്മാരുകുടിയുടെ പ്രതികരണത്തിലെ പ്രസക്തഭാഗങ്ങൾ
“മലയാളികൾ പോകുന്ന നാടുകളിൽ നേരിടുന്ന അക്രമങ്ങളെയും റേസിസത്തെയും കുറിച്ച് നമ്മൾ വാചാലരാകാറുണ്ട്. എന്നാൽ കേരളത്തിലെത്തുന്ന തൊഴിലാളികളെ തല്ലിക്കൊല്ലാൻ നമുക്ക് മടിയൊന്നുമില്ല. ഭാഷയോ രാഷ്ട്രീയ ബന്ധങ്ങളോ ഒന്നുമില്ലാത്ത ഇവർക്ക് പോലീസിനെയോ മറ്റ് സംവിധാനങ്ങളെയോ സമീപിക്കാൻ പരിമിതികളുണ്ട്. നേരത്തെ ഇത്തരം കൊലപാതകങ്ങൾ നടത്തിയവർ ശിക്ഷിക്കപ്പെടാത്തതാണ് വീണ്ടും ഇത്തരം ക്രൂരതകൾ ആവർത്തിക്കാൻ കാരണം. ഇത്തവണയെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹമുണ്ട്.”
ക്രൂരമർദ്ദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
അതേസമയം, കൊല്ലപ്പെട്ട രാം നാരായണൻ നേരിട്ടത് കൊടും ക്രൂരതയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. തല മുതൽ കാൽ വരെ നാൽപ്പതോളം മുറിവുകളാണ് ശരീരത്തിലുള്ളത്. പുറംഭാഗം വടികൊണ്ട് അടിച്ചുപൊളിച്ച നിലയിലാണ്. തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. നിലത്തിട്ട് വലിച്ചതിന്റെയും ചവിട്ടിയതിന്റെയും പാടുകൾ ശരീരത്തിലുണ്ട്.
’നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ചായിരുന്നു രാമിനെ സംഘം ആക്രമിച്ചത്. സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ നിലവിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Content Highlight: Disaster management expert Muralee Thummarukudy criticizes the hypocrisy of Keralites following the mob lynching of a migrant worker in Palakkad. Post-mortem reports confirm 40 wounds on the victim’s body.




















































