തിരുവനന്തപുരം | 13, ഫെബ്രുവരി | 2026
കനത്ത സുരക്ഷാ വലയത്തിലുള്ള തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ട് കോടി രൂപയോളം വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ മോഷണം പോയി. ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയായ ഓഫീസേഴ്‌സ് ക്ലബ്ബിൽ പ്രദർശിപ്പിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. സംഭവത്തിൽ ഡിജിപിക്ക് ലഭിച്ച പരാതിയെത്തുടർന്ന് പൂജപ്പുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
1929-ൽ അന്നത്തെ സർക്കാർ സൈന്യത്തിന് കൈമാറിയ ചരിത്രപ്രാധാന്യമുള്ള ആനക്കൊമ്പുകളാണ് ഇവ. ബുധനാഴ്ച ക്ലബ്ബിൽ നടന്ന ഒരു വിരുന്നിൽ പങ്കെടുക്കാൻ പുറത്തുനിന്ന് ആളുകൾ എത്തിയിരുന്നു. ഇക്കൂട്ടത്തിൽ വന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വിരുന്നിനായി പുറത്തുനിന്ന് എത്തിയ 18 ജീവനക്കാരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
സൈനിക ക്യാമ്പിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നായി കരുതപ്പെടുന്ന മിലിട്ടറി ക്യാമ്പിൽ നിന്ന് ഇത്തരത്തിൽ ഒന്ന് മോഷണം പോയത് സൈനിക വൃത്തങ്ങളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം പരിഗണിച്ച് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Content Highlights
- Two valuable elephant tusks worth approximately ₹2 crores were stolen from Pangode Military Camp.
- The theft occurred at the Officers’ Club, a high-security area within the camp.
- The tusks were a heritage gift from the government to the military in 1929.
- Poojappura Police initiated a probe following a complaint lodged with the DGP.
- Investigation focuses on 18 outside staff members who attended a party at the club on Wednesday.




















































