തിരുവനന്തപുരം | 09, ഫെബ്രുവരി | 2026
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സി.പി.ഐ നേതാവ് സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്കെതിരെ അന്തരിച്ച സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ. പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയെന്ന സി. ദിവാകരന്റെ ആരോപണം തള്ളിക്കൊണ്ടാണ് ജീവ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അമ്മയോട് യാത്ര പറഞ്ഞ് സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങിയതെന്നും ജീവ ആനന്ദൻ വ്യക്തമാക്കി. ‘ഭക്ഷണത്തിന്റെ രാഷ്ട്രീയം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിൽ ഇ.എം.എസ്, എ.കെ.ജി, നായനാർ തുടങ്ങിയ പ്രമുഖ നേതാക്കൾ വീട്ടിൽ വന്നപ്പോഴുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
”നേതാക്കൾക്ക് ഭക്ഷണത്തിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ അത് എ.കെ.ജി സെന്ററിൽ നിന്ന് വിളിച്ചറിയിക്കാറുണ്ട്. പിണറായി സഖാവ് വീട്ടിലെത്തിയപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മയെ പരിചയപ്പെടുകയും സന്തോഷത്തോടെ ഭക്ഷണം കഴിച്ച് മടങ്ങുകയുമാണ് ചെയ്തത്,” ജീവ കുറിച്ചു.
പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ താല്പര്യപ്പെട്ടില്ലെന്നും വിളമ്പിയ ചൂരമീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയെന്നുമായിരുന്നു സി. ദിവാകരന്റെ ആരോപണം. പിണറായി വിജയൻ ഒന്നാം ക്ലാസ് മീനുകൾ മാത്രമേ കഴിക്കൂ എന്നും ദിവാകരൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ കുടുംബം തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Content Highlights
- Jeeva Anandan, son of Anathalavattom Anandan, refutes C. Divakaran’s allegations.
- He clarifies that Pinarayi Vijayan had food from their home and left happily.
- The Facebook post details the food habits of veteran leaders like EMS and Nayanar.
- This comes after C. Divakaran claimed that Pinarayi Vijayan disliked the fish served at Anandan’s house.




















































