തിരുവനന്തപുരം | ജനുവരി 3, 2026
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ആദ്യ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതിയും അദ്ദേഹത്തിന്റെ സുഹൃത്തുമായ ജോബി ജോസഫിന് മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി, രാഹുലിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരിക്ക് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ എത്തിച്ചുനൽകിയെന്നാണ് കേസ്.
ആരോപണങ്ങൾ ഇങ്ങനെ
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനെത്തുടർന്ന് ഗർഭിണിയായ യുവതിയെ, രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നാണ് പോലീസിൽ നൽകിയ മൊഴി. ഇതിനായി ബെംഗളൂരുവിൽ നിന്ന് ജോബി ജോസഫ് വഴിയാണ് മരുന്ന് എത്തിച്ചതെന്നും, യുവതി മരുന്ന് കഴിക്കുന്നുണ്ടെന്ന് വീഡിയോ കോൾ വിളിച്ച് രാഹുൽ ഉറപ്പുവരുത്തിയതായും പരാതിയിൽ പറയുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് മരുന്ന് എത്തിച്ചതെന്നും ആരോപണമുണ്ട്.
ജോബിയുടെ വാദം
യുവതിയുടെ ആവശ്യപ്രകാരമാണ് താൻ മരുന്ന് നൽകിയതെന്നും എന്നാൽ അത് എന്തിനുള്ള മരുന്നാണെന്നോ അതിന്റെ ഉദ്ദേശ്യമെന്താണെന്നോ തനിക്കറിയില്ലായിരുന്നുവെന്നുമാണ് ജോബി ജോസഫ് കോടതിയിൽ വാദിച്ചത്. താൻ നിരപരാധിയാണെന്ന പ്രതിഭാഗം വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2010-11 കാലയളവിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ കെ.എസ്.യു (KSU) യൂണിയൻ ഭാരവാഹികളായിരുന്നു രാഹുലും ജോബിയും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം (BNS 64), നിർബന്ധിത ഗർഭച്ഛിദ്രം (BNS 89), വിശ്വാസവഞ്ചന (BNS 319) തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ, രാഹുൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും താനാണ് യഥാർത്ഥ ഇരയെന്നും കാട്ടി പരാതിക്കാരിയുടെ ഭർത്താവും കഴിഞ്ഞ ദിവസം പോലീസിനെ സമീപിച്ചിരുന്നു.
Content Highlight The Thiruvananthapuram District Principal Sessions Court granted anticipatory bail to Joby Joseph, the second accused in the sexual assault case against Rahul Mamkootathil MLA. Joby is accused of delivering abortion pills to the survivor as per Rahul’s instructions. The case involves charges of rape and forced abortion.




















































