പത്തനംതിട്ട | 22, ജനുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇടത് നേതാക്കൾക്കുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തിയതിന്റെയും പോറ്റിയുടെ പിതാവിന് സമ്മാനപ്പൊതി നൽകുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുവരും ജനപ്രതിനിധികളായിരുന്ന സമയത്താണ് ഈ സന്ദർശനം നടത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ലെന്നായിരുന്നു ദൃശ്യങ്ങൾ പുറത്തുവരുന്നതിന് മുൻപ് രാജു എബ്രഹാം പ്രതികരിച്ചിരുന്നത്. എന്നാൽ ചിത്രം അയച്ചുനൽകിയതോടെ, അത് സന്നിധാനത്ത് വെച്ച് എടുത്തതാണെന്ന വിചിത്ര വാദവുമായി അദ്ദേഹം രംഗത്തെത്തി. പോറ്റിയുടെ കുടുംബത്തോടൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഐഎം നേതൃത്വം.
അതേസമയം, കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) തീരുമാനിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇഡി ശേഖരിക്കും. ഇതിന്റെ ഭാഗമായി പോറ്റിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.
പൊലീസ് അകമ്പടിയോടെയാണ് പോറ്റിയുടെ വീട്ടിൽ പോയതെന്നും അവിടെനിന്ന് ഭക്ഷണം കഴിച്ചതായും കടകംപള്ളി സുരേന്ദ്രൻ നേരത്തെ സമ്മതിച്ചിരുന്നു. കടകംപള്ളിക്ക് പുറമെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, പ്രയാർ ഗോപാലകൃഷ്ണൻ, ഒ.എസ് അംബിക എംഎൽഎ എന്നിവരും പോറ്റിയുടെ വീട്ടിലെത്തിയിരുന്നതായി അയൽവാസി വെളിപ്പെടുത്തിയിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെല്ലാം പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Content Highlights: Visuals of Kadakampally Surendran and Raju Abraham visiting Unnikrishnan Potti’s house leaked, ED to probe financial links, Raju Abraham’s denial falls flat.




















































