ചിത്രദുർഗ I ഡിസംബർ 25, 2025
ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ ബസിന് തീപിടിച്ച് പത്ത് പേർ മരിച്ചു. ദേശീയപാത 48-ൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ബസ് പൂർണ്ണമായും അഗ്നിക്കിരയായി.
ബസിലുണ്ടായിരുന്ന പത്ത് പേർ സംഭവസ്ഥലത്ത് തന്നെ പൊള്ളലേറ്റ് മരിച്ചു. പരിക്കേറ്റ ഒൻപത് പേരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതിവേഗത്തിൽ വന്ന ലോറി ഡിവൈഡർ തകർത്ത് ബസിന്റെ വശത്തേക്ക് ഇടിച്ചുകയറിയതോടെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ ചിത്രദുർഗ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlight
Ten people were charred to death after a private sleeper bus caught fire following a collision with a truck on National Highway 48 in Chitradurga, Karnataka. The truck reportedly jumped the divider and rammed into the bus.




















































