Thiruvananthapuram | December 01, 2025
കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിയുടെ വാദം തള്ളി സംസ്ഥാന സർക്കാർ. മസാല ബോണ്ടിൽ ക്രമക്കേടുകളൊന്നുമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം പൂർണമായും തിരിച്ചടച്ചതായും സർക്കാർ വ്യക്തമാക്കി.
മൂന്ന് വർഷത്തെ അന്വേഷണത്തിന് ശേഷം നോട്ടീസ്
ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ മറുപടി നൽകും. മൂന്ന് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഫെമ ചട്ടലംഘനം കണ്ടെത്തി
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. ഇഡി അന്വേഷണത്തിൽ ഫെമ (Foreign Exchange Management Act) ചട്ടലംഘനം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
കിഫ്ബി ഹാജരാക്കിയ രേഖകൾ പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തിരമോ വിശദീകരണം നൽകാവുന്നതാണ്.
2150 കോടി രൂപ സമാഹരിച്ചു
2019-ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.
ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി പൂർണമായും തിരിച്ചടച്ചിട്ടുണ്ട്. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.
തോമസ് ഐസക്കിന് നേരത്തെയും സമൻസ്
വിഷയത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു. വിദേശ നിക്ഷേപകരിൽ നിന്ന് പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാല ബോണ്ട്.




















































