പാലക്കാട് | 11, ഫെബ്രുവരി | 2026
പാലക്കാട് ജില്ലയിലെ സി.പി.എം, ബി.ജെ.പി കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കുന്നു. സി.പി.എം മുതിർന്ന നേതാവ് പി.കെ. ശശിയെയും ബി.ജെ.പി സംസ്ഥാന നേതാവ് പ്രമീള ശശിധരനെയും കോൺഗ്രസിലെത്തിക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ പാലക്കാട് എത്തുമ്പോൾ ഈ നിർണ്ണായക പ്രവേശനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
സി.പി.എമ്മുമായി അകന്നുനിൽക്കുന്ന പി.കെ. ശശി കോൺഗ്രസിൽ എത്തിയാൽ ഷൊർണ്ണൂർ അല്ലെങ്കിൽ ഒറ്റപ്പാലം സീറ്റുകളിൽ ഒന്ന് നൽകിയേക്കും. ബി.ജെ.പിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തിയുള്ള പ്രമീള ശശിധരനെയും പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ ആയിരുന്ന സുരേഷിനെ മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. സുരേഷ് മത്സരിക്കുന്നത് മലമ്പുഴ പിടിച്ചെടുക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ കോൺഗ്രസ് സംഘടനാരംഗം ശക്തിപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കരുനീക്കങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മറ്റ് പാർട്ടികളിൽ അതൃപ്തിയുള്ള നേതാക്കളെ ഉൾപ്പെടുത്തി വൻ മുന്നേറ്റമുണ്ടാക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. നേതാക്കളുടെ പാർട്ടി മാറ്റം പാലക്കാടൻ രാഷ്ട്രീയത്തിൽ വൻ വിസ്മയം തീർക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
Content Highlights
- Congress intensifies efforts to induct prominent CPM and BJP leaders in Palakkad.
- Talks are ongoing with CPM leader P.K. Sasi and BJP leader Pramila Sasidharan.
- Discussion is also active to field V.S. Achuthanandan’s former PA, Suresh, from Malampuzha.
- The inductions are planned to coincide with V.D. Satheesan’s ‘Puthuyuga Yatra’ in Palakkad.
- Strategic move follows Sunil Kanugolu’s report suggesting party strengthening in key districts.




















































