പെരുമ്പാവൂർ | 23, ജനുവരി | 2026
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 21-ാം വാർഡിൽ ഉൾപ്പെടുന്ന തോട്ടയ്ക്കാട്ടിൽ പാടശേഖരം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നു. മദ്രാസ് കവലയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിലും തോട്ടുവരമ്പുകളിലും രാപ്പകൽ വ്യത്യാസമില്ലാതെ മദ്യപാനവും ചീട്ടുകളിയും ലഹരിയുപയോഗവും നടക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഓട്ടോറിക്ഷകളിൽ മദ്യം എത്തിച്ചുനൽകുന്ന ഇടനിലക്കാർ വരെ ഇവിടെ സജീവമാണ്.
രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നവർ വാഹനങ്ങളിലിരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ പാടശേഖരങ്ങളിലേക്ക് എറിയുന്നത് പതിവാണ്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഡയപ്പറുകൾ, ഉപയോഗശൂന്യമായ ക്ലോസറ്റുകൾ എന്നിവയുൾപ്പെടെ പാടത്ത് തള്ളുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞും തോടുകളിൽ പായൽ നിറഞ്ഞും നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ കൃഷിയിറക്കാൻ പോലും സാധിക്കുന്നില്ലെന്ന് കർഷകനായ മണി കൈതക്കോട് പറഞ്ഞു.
ഇവിടെ നടക്കുന്ന അനാശ്യാസ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുന്നവരെ കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും സാമൂഹിക വിരുദ്ധർ മുതിരുന്നതായും ആക്ഷേപമുണ്ട്. പാടശേഖരങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങളുടെ കടന്നുകയറ്റം തടയാൻ പോലീസ്, എക്സൈസ് വകുപ്പുകളുടെയും പഞ്ചായത്തിന്റെയും അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlights
Anti-social elements take over Thottakkattil paddy fields in Koovappady for alcohol and drug abuse.
Waste dumping including plastic, diapers, and even sanitaryware makes farming impossible for locals.
Illegal activities like gambling and liquor delivery via autorickshaws reported in the area.
Farmers complain about clogged water channels and threats from miscreants when questioned.
Residents demand strict surveillance by Police, Excise, and Panchayat authorities.




















































