എറണാകുളം | ജനുവരി 11, 2026
കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാകാതിരിക്കാൻ യുവാവിൽ നിന്ന് കൈക്കൂലി വാങ്ങിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എറണാകുളം കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അബ്ദുൽ റൗഫ്, സി.പി.ഒമാരായ സഞ്ജു, ഷെഫീഖ്, ഷക്കീർ എന്നിവരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് നീക്കിയത്. പോലീസിലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.
സംഭവം ഇങ്ങനെ…
ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസിൽ കുറുപ്പംപടി സ്വദേശിയായ ഒരു യുവാവ് പ്രതിയാണെന്ന് ഈ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കേസിൽ നിന്ന് ഒഴിവാക്കി നൽകാമെന്നും ഗുജറാത്ത് പോലീസിന്റെ നടപടികളിൽ നിന്ന് രക്ഷിക്കാമെന്നും വാഗ്ദാനം നൽകി എട്ട് ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ യുവാവിനോട് ആവശ്യപ്പെട്ടത്. ഒടുവിൽ നടന്ന വിലപേശലിനൊടുവിൽ 6.6 ലക്ഷം രൂപ യുവാവ് പോലീസിന് കൈമാറി.
ഗുജറാത്ത് പോലീസിനെയും പറ്റിച്ചു…
യുവാവിൽ നിന്ന് വാങ്ങിയ പണത്തിൽ വെറും 60,000 രൂപ മാത്രമാണ് പ്രതിയെ തേടി എത്തിയ ഗുജറാത്ത് പോലീസ് സംഘത്തിന് കുറുപ്പംപടിയിലെ ഉദ്യോഗസ്ഥർ കൈമാറിയത്. ബാക്കിയുള്ള ആറ് ലക്ഷം രൂപ നാല് പോലീസുകാരും ചേർന്ന് വീതിച്ചെടുക്കുകയായിരുന്നു. കേസ് ഒതുക്കിയെന്ന് വിശ്വസിപ്പിച്ചായിരുന്നു ഈ തുക തട്ടിയത്. എന്നാൽ പോലീസിനുള്ളിലെ ഇന്റലിജൻസ് വിഭാഗം വിവരം മണത്തറിഞ്ഞതോടെ നാല് പേരും കുടുങ്ങി.
കേരള പോലീസിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Content Highlight: Four police officers from Kuruppampady station in Ernakulam, including a Grade SI and three CPOs, were suspended for taking a bribe of ₹6.6 lakh to settle an online fraud case registered by Gujarat Police. They allegedly kept ₹6 lakh for themselves and gave only ₹60,000 to the visiting Gujarat Police team. The suspension followed a report by the police intelligence wing.




















































