തിരുവനന്തപുരം I ഡിസംബർ 8, 2025
തിരുവനന്തപുരം: നെയ്യാറ്റിൻകര കമുകിൻകോട് പിതാവിന്റെ തുടർച്ചയായ ക്രൂരമർദനം സഹിക്കാനാവാതെ 14 വയസുകാരിയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി വരുന്നു. പൂജ കൃഷ്ണ എന്ന പെൺകുട്ടിയാണ് ദുരിതം സഹിക്കവയ്യാതെ ജീവനൊടുക്കാൻ ശ്രമിച്ചത്.
കടവരാന്തയിൽ ഉറങ്ങേണ്ടി വന്നു
പിതാവായ പ്രബോദ് ചന്ദ്രൻ പഠിക്കാൻ അനുവദിക്കാതെ തന്നെ നിരന്തരം മർദിച്ചിരുന്നെന്നും, പാഠപുസ്തകങ്ങൾ വലിച്ചുകീറിയെന്നും പെൺകുട്ടി പറയുന്നു. കൂടാതെ, അർധരാത്രിയിൽ പോലും തന്നെ തല്ലി വീടിന് പുറത്താക്കിയിട്ടുണ്ട്. പല രാത്രികളിലും റോഡിലും കടയുടെ വരാന്തയിലുമാണ് കിടന്നുറങ്ങിയിരുന്നതെന്നും കുട്ടി വെളിപ്പെടുത്തി. “കൊല്ലുമെന്ന് എപ്പോഴും ഭീഷണിപ്പെടുത്തും. എന്തിനാണ് ജീവിക്കുന്നത് എവിടെയെങ്കിലും പോയി ചത്തൂടെ എന്ന് പറയുമെല്ലാം” പെൺകുട്ടി പറയുന്നു.
ചൈൽഡ് ലൈൻ നേരത്തെ ഇടപെട്ടിട്ടും മദ്യപാനിയായ പിതാവ് മർദനം തുടരുകയായിരുന്നു എന്നും കുട്ടിയുടെ അമ്മയായ സംഗീത നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കലോത്സവത്തിൽ പങ്കെടുത്തതിനും മർദനം
കഴിഞ്ഞ ദിവസം ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ പൂജയെ പിതാവ് വീണ്ടും ക്രൂരമായി മർദിച്ചു. മുഖത്തടക്കം ഗുരുതരമായി പരിക്കേറ്റ കുട്ടി, ഇതിൽ മനംനൊന്ത് ബാത്ത്‌റൂമിൽ കയറി ക്ലീനിങിന് ഉപയോഗിക്കുന്ന ദ്രാവകം കുടിക്കുകയായിരുന്നു. ഗുരുതര നിലയിലായതിനെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Highlight
Father’s brutal assault: Teen girl (14) attempts suicide in Neyyattinkara; admitted to Medical College Hospital.




















































