തൃശ്ശൂർ | 20, ജനുവരി | 2026.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒല്ലൂർ മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര് മുറുകുന്നു. മണ്ഡലത്തിന് പുറത്തുനിന്നുള്ള ‘വരത്തൻമാരായ’ സ്ഥാനാർത്ഥികളെ ഒല്ലൂരിൽ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്ജു സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് പ്രാദേശിക ഭാരവാഹികൾ മുന്നോട്ടുവെക്കുന്നത്.
പോസ്റ്ററുകളിലെ പ്രധാന വാചകങ്ങൾ…
”ഒല്ലൂരിനെ വരത്തൻമാരുടെ കുപ്പത്തൊട്ടിയാക്കരുത്.”
”ഒല്ലൂർ ഒല്ലൂരുകാർക്ക് നൽകുക, ഒല്ലൂരുകാരെ അപമാനിക്കരുത്.”
”ഒല്ലൂർ കോൺഗ്രസിൽ മത്സരിക്കാൻ വരത്തൻമാർ വേണ്ട.”
മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അടുത്ത അനുയായിയായ ജെയ്ജു സെബാസ്റ്റ്യന് വേണ്ടി ഒരു വിഭാഗം ഉറച്ചുനിൽക്കുമ്പോൾ, മറുഭാഗത്ത് ഹൈക്കമാൻഡ് തലത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന പേരുകൾ പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, മുൻ എം.എൽ.എ എം.പി വിൻസെന്റ് എന്നിവർക്ക് പുറമെ സന്ദീപ് വാര്യരുടെ പേരും ഒല്ലൂരിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഇതാണ് പെട്ടെന്നുള്ള പോസ്റ്റർ പ്രതിഷേധത്തിന് കാരണമായത്.
പ്രാദേശിക നേതാക്കളുടെ വികാരം മാനിക്കണമെന്നും പുറത്തുനിന്നുള്ളവരെ കെട്ടിയിറക്കരുതെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പ്രാദേശിക ഭാരവാഹികൾ കത്തയച്ചു. മന്ത്രി കെ. രാജൻ വീണ്ടും ഇടതുപക്ഷത്തിനായി അങ്കത്തിനിറങ്ങുന്ന ഒല്ലൂരിൽ, ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പ്രാദേശിക സ്വാധീനമുള്ള നേതാവ് വേണമെന്നാണ് ഇവരുടെ വാദം. 2016 മുതൽ സി.പി.ഐയുടെ കൈവശമുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, ഈ ഉൾപ്പാർട്ടി തർക്കം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം.
Content Highlights
Posters against ‘outsider’ candidates appear in Ollur constituency under the banner ‘Save Congress’.
Local leaders demand DCC General Secretary Jaiju Sebastian as the candidate.
Dispute intensifies as names like Sandeep Varier, Shaji Kodankandath, and M.P. Vincent are considered.
Local office bearers send a formal letter to KPCC President Sunny Joseph expressing their dissent.
LDF is likely to field incumbent Minister K. Rajan for the third time.




















































