Mumbai | December 04, 2025
എട്ട് മണിക്കൂർ ഷിഫ്റ്റ് എന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടന്മാരായ റാണ ദഗുബതിയും ദുൽഖർ സൽമാനും. ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ല, ഇത്തരമൊരു സംവിധാനം ചലച്ചിത്ര നിർമാണത്തിൽ പ്രായോഗികമല്ലെന്നാണ് റാണ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുന്നത്.
സിനിമ ഒരു ലൈഫ്സ്റ്റൈൽ ആണ്
“ഇതൊരു ജോലിയല്ല, ഇതൊരു ലൈഫ്സ്റ്റൈൽ ആണ്. ഒന്നുകിൽ അത് വേണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഓരോ സിനിമയും ആവശ്യപ്പെടുന്നത് ഓരോന്നാണ്” എന്ന് റാണ പറഞ്ഞു.
മറ്റ് ഇൻഡസ്ട്രികളെക്കാൾ വലിയ സിനിമകൾ ചെയ്ത് വിജയമാക്കുന്നത് അതിന് വേണ്ട രീതിയിലുള്ള ബജറ്റിൽ സിനിമ ചെയ്യാൻ സാധിക്കുന്നതുകൊണ്ടാണെന്നും റാണ വ്യക്തമാക്കി. ബജറ്റ് മാത്രമേ നിയന്ത്രിക്കാനാകൂ, അതിന് പുറമേയുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടത് ഓരോ താരങ്ങളുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരങ്ങളുടെ ഉത്തരവാദിത്വം
“ഒരു പരിധിക്കപ്പുറത്തേക്കുള്ള ലക്ഷ്വറി ഓരോ താരത്തിനും അനുവദിക്കുന്നതിന് ലിമിറ്റുണ്ട്. ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. പക്ഷേ ഒരു പരിധിക്കപ്പുറമുള്ള ലക്ഷ്വറി സെറ്റിങ് അതാത് താരങ്ങളുടെ ഉത്തരവാദിത്വമാണ്” എന്ന് റാണ പറഞ്ഞു.
ഇപ്പോൾ തെലുങ്കിലെ പല വൻ താരങ്ങൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുണ്ടെന്നും അതുകൊണ്ട് ഒരു സിനിമയിൽ എത്രത്തോളം ബജറ്റ് കുറക്കാൻ സാധിക്കുമെന്ന ബോധ്യം അവർക്കുണ്ടെന്നും റാണ വ്യക്തമാക്കി.
ഫാക്ടറി അല്ല സിനിമ
“സിനിമ എന്നത് ഒരു ലൈഫ് സ്റ്റൈൽ പോലെയാണ്. ഒമ്പത് മണിക്ക് സെറ്റിൽ വന്നിട്ട് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ. ഒരു സ്ഥലത്ത് നമ്മൾ എട്ട് മണിക്കൂർ ഇരുന്ന് പ്രവർത്തിക്കുമ്പോൾ മികച്ചത് പുറത്തുവരുന്നത് പോലെയല്ല ഇത്. ഇതിൽ ബന്ധപ്പെട്ട ആളുകൾ ഒരു കഥ സൃഷ്ടിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായില്ലെങ്കിൽ അത് സംഭവിക്കില്ല” എന്ന് റാണ വിശദീകരിച്ചു.
ദുൽഖറിന്റെ അനുഭവം
റാണയെ പിന്തുണച്ചുകൊണ്ടാണ് ദുൽഖറിന്റെ പ്രതികരണം. “മലയാളത്തിൽ നമ്മൾ ഷൂട്ടിങ് തുടർന്നുകൊണ്ടേയിരിക്കും. അത് എപ്പോൾ തീരുമെന്ന കാര്യം നമുക്ക് അറിയില്ല. പക്ഷേ അത് ഭയങ്കര മികച്ചതായിരിക്കും, അതുപോലെ കഠിനവും” എന്ന് ദുൽഖർ പറഞ്ഞു.
“എന്റെ ആദ്യ തെലുങ്ക് സിനിമ ചെയ്തപ്പോഴാണ് എന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ഷൂട്ട് കഴിഞ്ഞ് ആറ് മണിക്ക് ഞാൻ വീട്ടിലേക്ക് പോകുന്നത്. തമിഴിലേക്ക് വന്നാൽ അവിടെയും വ്യത്യസ്തമാണ്. അവിടെ രണ്ടാമത്തെ ഞായറാഴ്ചകളെല്ലാം അവധിയാണ്” എന്നും ദുൽഖർ കൂട്ടിച്ചേർത്തു.
ദീപികയുടെ ആവശ്യവും പ്രത്യാഘാതങ്ങളും
അതേസമയം, വിപ്ലവകരമായ തീരുമാനം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയതാണ് ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ എട്ട് മണിക്കൂർ ഷിഫ്റ്റ് എന്ന ആവശ്യം. നിരവധി താരങ്ങളും ദീപികയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
- എന്നാൽ ഈ ആവശ്യത്തെ തുടർന്ന് ദീപികയെ ‘സ്പിരിറ്റ്’, ‘കൽക്കി 2’ എന്ന ചിത്രങ്ങളിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്. ചലച്ചിത്ര വ്യവസായത്തിലെ തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള ചർച്ച ഇതോടെ കൂടുതൽ ശക്തമായിട്ടുണ്ട്.




















































