തിരുവനന്തപുരം | 24, ജനുവരി | 2026
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്യും. സ്പോൺസർ എന്ന നിലയിൽ മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയുന്നതെന്ന കടകംപള്ളിയുടെ ആദ്യ മൊഴി തൃപ്തികരമല്ലെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി പോറ്റിയുടെ വീട്ടിൽ രണ്ട് തവണ സന്ദർശനം നടത്തിയെന്ന സാക്ഷിമൊഴി പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
സ്വർണ്ണപ്പാളി കൊണ്ടുപോകാൻ പോറ്റി നൽകിയ അപേക്ഷ ദേവസ്വം ബോർഡിലേക്ക് കൈമാറിയത് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണെന്ന് മുൻ ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം കടകംപള്ളി നിഷേധിച്ചിരുന്നു. പോറ്റിയുടെ വീട്ടിൽ കടകംപള്ളി എത്തിയപ്പോൾ ഒപ്പം ഭക്ഷണം കഴിച്ചതായും ഔദ്യോഗിക പദവിയില്ലാതെ സന്ദർശനം നടത്തിയതായും മഹസർ സാക്ഷി വിക്രമൻ നായർ വെളിപ്പെടുത്തിയത് കടകംപള്ളിക്ക് തിരിച്ചടിയായി. 2019 മുതലുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടി തീരുമാനം.
അതേസമയം, 2025-ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിലും വലിയ ഗൂഢാലോചന നടന്നതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. മരാമത്ത് വിഭാഗത്തെ അറിയിക്കാതെ പാളികൾ നീക്കം ചെയ്തത് സ്പെഷ്യൽ കമ്മീഷണർ അറിയാതിരിക്കാനാണെന്നാണ് സൂചന. ഈ കാലയളവിലെ ഇടപാടുകൾ നിയന്ത്രിച്ചത് ഉണ്ണിക്കൃഷ്ണൻ പോറ്റിയാണെന്ന മൊഴിയും പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അജികുമാർ എന്നിവരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുകയാണ്.
Content Highlights
SIT to re-interrogate former minister Kadakampally Surendran as his initial statement found unsatisfactory.
Investigation focuses on Kadakampally’s 2019 financial transactions and visits to accused Unnikrishnan Potti’s house.
Witness Vikraman Nair reveals Kadakampally visited Potti’s residence twice and had lunch there while serving as Minister.
SIT suspects a conspiracy in the 2025 removal of gold plates from Dwarapala sculptures without informing the public works wing.
Former Devaswom Board President P.S. Prashanth and member Ajikumar likely to be questioned soon.




















































