പെരുന്ന | 18, ജനുവരി | 2026.
എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യത്തിന് തടസ്സമില്ലെന്നും വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ക്ഷമിക്കുന്നുവെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സംഘടനാപരമായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അടിസ്ഥാന മൂല്യങ്ങൾ ചോർന്നുപോകാതെ ഒരുമിച്ചു നിൽക്കാൻ എൻ.എസ്.എസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മഹാപ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിൽ വെള്ളാപ്പള്ളിയുടെ വീഴ്ചകൾ പൊറുക്കുന്നുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ വിമർശനമാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി നടത്തിയത്. “സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ സഭാ സിനഡ് നടന്നപ്പോൾ അവിടെ പോയി കാലുപിടിച്ചു. വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ സതീശന് യോഗ്യതയില്ല. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നു,” സുകുമാരൻ നായർ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സതീശനെ ജയിപ്പിക്കാൻ താൻ പറവൂർ യൂണിയൻ പ്രസിഡന്റിനെ വിളിച്ചു പറഞ്ഞിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മറ്റ് പ്രധാന പരാമർശങ്ങൾ…
മുസ്ലിം ലീഗ് തടസ്സമല്ല: എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യത്തിന് തടസ്സം നിൽക്കുന്നത് മുസ്ലിം ലീഗാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം സുകുമാരൻ നായർ തള്ളി.
സുരേഷ് ഗോപിക്ക് മുന്നറിയിപ്പ്: തൃശൂർ പിടിച്ചതുപോലെ എൻ.എസ്.എസ് പിടിക്കാൻ സുരേഷ് ഗോപി വരേണ്ട. ബി.ജെ.പി ഹൈന്ദവരുടെ കുത്തകയല്ല. ശബരിമല വിഷയത്തിൽ ബി.ജെ.പി ഒന്നും ചെയ്തില്ല.
കോൺഗ്രസിനും ചെന്നിത്തലയ്ക്കും: ചെന്നിത്തലയ്ക്കുള്ള യോഗ്യത മറ്റൊരു കോൺഗ്രസ് നേതാവിനുമില്ല. എന്നാൽ ഇത്തരത്തിലാണ് കോൺഗ്രസിന്റെ പോക്കെങ്കിൽ അവർ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അനുഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമുദായങ്ങളോടും എൻ.എസ്.എസ് സമദൂരം പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ബാലിശമാണെന്നും എൻ.എസ്.എസ് ആസ്ഥാനത്ത് അദ്ദേഹം എത്തിയപ്പോൾ നൽകിയ സ്വീകരണം സ്വാഭാവികമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
Content Highlights
G. Sukumaran Nair expresses willingness for NSS-SNDP unity, forgiving Vellappally’s past remarks.
Launches a scathing attack on V.D. Satheesan, accusing him of hypocrisy regarding community leaders.
Dismisses claims that Muslim League obstructed the NSS-SNDP alliance.
Warns Suresh Gopi and BJP, stating that Sabarimala was not protected by them.
Reaffirms NSS’s policy of ‘Equidistance’ (Samadooram) from all political parties.
Supports Ramesh Chennithala’s leadership qualities while warning Congress of potential electoral losses.




















































